കൊല്ലം: ഡി.സി.സി ഓഫീസിന് സമീപത്തു നിന്നാരംഭിച്ച് ബെൻസിഗർ ആശുപത്രിക്കടുത്ത് അവസാനിക്കുന്ന റോഡിന്റെ തകർച്ചയ്ക്ക് രണ്ടുവർഷം പഴക്കമായിട്ടും പരിഹാര നടപടികളില്ല. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കുഴിച്ചതോടെ ദുരിതം ഇരട്ടിയായി.

കുഴി മെറ്റലിട്ട് നികത്താത്തതിനാൽ കാലവർഷക്കാലത്ത് റോഡ് തോടായി മാറും. ചെളിനിറഞ്ഞ പാതയിലൂടെയുള്ള യാത്ര ക്ളേശകരമാണ്. മഴയൊഴി​ഞ്ഞുനി​ന്ന സമയത്ത് സമീപ വീടുകളും വ്യാപാര സ്ഥാപനങ്ങളും പൊടി കൊണ്ട് നിറഞ്ഞ അവസ്ഥയി​ലായി​രുന്നു. ദുരിതം വർദ്ധിച്ചതോടെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് ഒരു മാസം മുൻപ് മെറ്റൽ നിരത്തിയെങ്കി​ലും റോഡ് റോളർ ഉപയോഗിച്ച് ഉറപ്പിക്കാതിരുന്നതിനാൽ യാത്ര കൂടുതൽ ദുസഹമായി​. കൂർത്ത മുനകളുളള മെറ്റലിലൂടെയുളള കാൽനട യാത്രയും വാഹന യാത്രയും തീർത്തും ദുരിതപൂർണ്ണമായി​. വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ തെറിച്ച് കാൽനട യാത്രികർക്ക് പരി​ക്കേൽക്കുന്നതും പതി​വാണ്.

ബീച്ച് റോഡിൽ നിന്ന് വേഗം ചിന്നക്കടയിൽ എത്താമെന്നതിനാൽ കൂടുതൽ പേരും ആശ്രയിക്കുന്ന റോഡാണിത്. കൊച്ചുപിലാംമൂട് പാലം 15 ദിവസം അടച്ചിട്ടപ്പോൾ ഈ റോഡിലൂടെയാണ് ഗതാഗതം തിരിച്ചുവിട്ടത്. അന്ന്

നൂറുകണക്കിന് വാഹനങ്ങളാണ് ഈ ദുരിത പാതയിലൂടെ ഓടിയത്. ഡി.സി.സി ഓഫീസ്, ഇലക്ഷൻ

കമ്മി​ഷൻ ഓഫീസ്, ബെൻസിഗർ ആശുപത്രി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ റോഡിനോടു ചേർന്നുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തി​ക്കുന്നു. റോഡിൽ വിരിച്ച മെറ്റൽ ഉറപ്പിച്ചാൽ തന്നെ പകുതി ആശ്വാസമാകും.

.......................

രണ്ടു വർഷമായി യാത്രക്കാർ ദുരിതത്തിലാണ്. ഇളകിക്കിടക്കുന്ന മെറ്റലാണ് നി​ലവി​ൽ റോഡിന്റെ ശാപം. ഇതൊന്ന് ഉറപ്പി​ക്കാനെങ്കി​ലും നടപടി​ വേണം

അസീസ്, വ്യാപാരി