phot
കഴുതുരുട്ടി ആറ്റിലെ ഇടപ്പാളയത്തെ തടയണയിൽ അടിഞ്ഞ് കൂടിയ തടികളും, എക്കലും ജെ.സി.ബി.ഉപയോഗിച്ച് നീക്കം ചെയ്യുന്നു

പുനലൂർ: അടുത്ത കാലവർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ വർഷത്തെ മഴയത്ത് കഴുതുരുട്ടി ആറ്റിലെ ഇടപ്പാളയത്ത് അടിഞ്ഞ് കൂടിയ എക്കലും മണ്ണും നീക്കി തുടങ്ങി. ഇടപ്പാളയം ലക്ഷം വീടുകൾക്ക് സമീപത്തെ തടയണയോട് ചേർന്ന ആറ്റിലെ മണ്ണും ചെളിയുമാണ് ജെ.സി.ബി ഉപയോഗിച്ച് നീക്കുന്നത്. കഴിഞ്ഞ വർഷം ഇടപ്പാളയത്ത് ഉരുൾ പൊട്ടിയെത്തിയ മണ്ണും ചെളിയുമാണ് നീക്കുന്നത്. മൈനർ ഇറിഗേഷന്റെ നിയന്ത്രണത്തിലാണ് ആറ്റിലെ മണ്ണ് നീക്കി തുടങ്ങിയത്. ഇടപ്പാളയം തടയണയോട് ചേർന്ന് അടിഞ്ഞ് കൂടിയ തടികളും നീക്കം ചെയ്യുന്നുണ്ട്. കഴിഞ്ഞ മഴയത്ത് കഴുതുരുട്ടി ആറും അച്ചൻകോവിലാറും പലയിടങ്ങളിലും കരകവിഞ്ഞൊഴുകി പ്രളയാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കഴുതുരുട്ടി ആറ്റിലെ ജലനിരപ്പുയ‌ർന്ന് റോഡുകളും മറ്റും ഒലിച്ച് പോകുന്ന സാഹചര്യവുമുണ്ടായി.

മണ്ണും ചെളിയും കരകളിൽ ഇട്ടാലെങ്ങനെ...?

ആറ്റിലെ മണ്ണും ചെളിയും നീക്കി ആറ്റിന്റെ രണ്ട് കരകളിൽ ഇടുന്നതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. വീണ്ടും മഴ പെയ്യുമ്പോൾ രൂപപ്പെടുന്ന വെള്ളപ്പാച്ചിലിൽ മണ്ണ് ഇളകി ആറ്റിൽ ഇറങ്ങുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഉരുൾ പൊട്ടലുണ്ടായ ഇടപ്പാളയത്ത് മന്ത്രി കെ.രാജനും പി.എസ്.സുപാൽ എം.എൽ.എയുമടക്കമുള്ള ജനപ്രതിധിനികളും ഉദ്യോഗസ്ഥരും സന്ദർശിച്ചതിനെ തുടർന്നാണ് കഴുതുരുട്ടി ആറ്റിൽ അടിഞ്ഞു കൂടിയ മണ്ണും എക്കലും നീക്കം ചെയ്യാൻ ആരംഭിച്ചത്.