കൊട്ടാരക്കര : കേരളത്തിന് 75-ാമത് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീം അംഗങ്ങൾക്ക് കൊട്ടാരക്കരയിൽ ആവേശോജ്ജ്വല സ്വീകരണം . മന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിലാണ് ടീം അംഗങ്ങളെ കൊട്ടാരക്കരയിലേക്ക് വരവേറ്റത്. കൊട്ടാരക്കര രവിനഗറിൽ നിന്നു് ആരംഭിച്ച ഘോഷയാത്ര പുലമൺ ജംഗ്ഷൻ, താലൂക്ക് ആശുപത്രി ജംഗ്ഷൻ വഴി ചന്തമുക്കിലെ മുനിസിപ്പൽ ഗ്രൗണ്ടിൽ സമാപിച്ചു. വാദ്യമേളങ്ങൾ, റോളർ സ്കേറ്റിംഗ്, അശ്വാരൂഢം, മുത്തുക്കുടകൾ തുടങ്ങിയവയുടെ അകമ്പടിയോടെ ടീം അംഗങ്ങളെയും സന്തോഷ് ട്രോഫിയെയും തുറന്ന വാഹനത്തിൽ ആനയിച്ചു. കൊട്ടാരക്കരയിലെ നിരവധി കായിക ക്ലബ്ബുകൾ, സ്റ്റുഡന്റ്സ് പൊലീസ്, കുടുംബശ്രീ, ഹരിതകർമ്മസേന, വ്യാപാരി വ്യവസായികൾ, വിവിധ സാംസ്കാരിക സംഘടനകൾ തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരന്നു. മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന സ്വീകരണസമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് 1.14 കോടി രൂപ നൽകുന്നതിന് മന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ടെന്നും ബാലഗോപാൽ പറഞ്ഞു. നഗരസഭ ചെയർമാൻ എ ഷാജു അദ്ധ്യക്ഷനായി. കെ ഉണ്ണികൃഷ്ണ മേനോൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, വൈസ് പ്രസിഡന്റ് സുമാലാൽ, നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ആർ. രമേശ്, സുജ അച്ചൻകുഞ്ഞ്, ജി. സുഷമ, കേരള ക്രിക്കറ്റ് താരം വി .എ. ജഗദീശ്, സിനിമ നിർമ്മാതാവ് ബൈജു അമ്പലക്കര, ഗീവർഗീസ് യോഹന്നാൻ എന്നിവർ സംസാരിച്ചു. മുൻ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ ഷറഫലി, കുരികേശ് മാത്യു, കെ.ടി. ചാക്കോ, കെ .അജയൻ എന്നിവരെയും കുറ്റിക്കാട് സൽമാനെയും ആദരിച്ചു.