കൊല്ലം: ജാമ്യവ്യവസ്ഥകൾ ലംഘിച്ച പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കുഴിവേലിമുക്ക് സുജിത്ത് എന്ന് വിളിക്കുന്ന ലാലിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കരുനാഗപ്പള്ളി ആദിനാട് സ്വദേശി ഷെഹിൻഷാ എന്ന ജിത്തുവിനെയാണ് അറസ്റ്റ് ചെയ്തത്. 2019 ഉത്രാടരാത്രിയിലാണ് കൊലപാതകം നടന്നത്. ആദ്യം കരുനാഗപ്പള്ളി പൊലീസ് അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിനിടെ ഹൈക്കോടതി ഷെഹിൻ ഷായ്ക്ക് ജാമ്യം അനുവദിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ഷെഹിൻഷാ അടുത്തിടെ എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിലും എം.ഡി.എം.എ അടക്കമുള്ള ലഹരിക്കടത്ത് കേസുകളിലും പ്രതിയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഉമറുൾ ഫാറൂഖ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.