കൊല്ലം: കൊട്ടാരക്കര- നെടുവത്തൂർ കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 29.40 കോടി രൂപ അനുവദിച്ചു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. തെങ്ങോലിക്കടവിൽ പദ്ധതിയ്ക്കുള്ള കിണർ നിർമ്മിക്കും. കൊട്ടാരക്കര നഗരസഭയിൽപെടുന്ന ഉഗ്രൻകുന്നിൽ 16 എം.എൽ.ഡി ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മിക്കും. ഉഗ്രൻകുന്നിന് സമീപത്തുതന്നെ നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കുന്ന ഭൂമിയിൽ 18 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയും സ്ഥാപിക്കും. തെങ്ങോലിക്കടവിൽ നിന്നും ഉഗ്രൻകുന്നിലേക്കുള്ള 11 കിലോ മീറ്റർ ദൂരത്തിൽ പമ്പിംഗ് മെയിൻ, 510 എച്ച്.പിയുടെ വി.ടി പമ്പ് സെറ്റ്, 560 എച്ച്.പിയുടെ പമ്പ് സെറ്റ് എന്നിവയുടെ സ്ഥാപനവുമാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ട്രീറ്ര് മെന്റ് പ്ളാന്റിന്റെയും ജലസംഭരണിയുടെയും നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്ന ജോലികൾ വേഗത്തിലാക്കാൻ നഗരസഭയോടും പഞ്ചായത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടും

കൊട്ടാരക്കര നഗരസഭയിലെയും നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെയും കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകാൻ കഴിയുന്ന ബൃഹത് കുടിവെള്ള പദ്ധതിയാണ് വരുന്നത്. നിലവിൽ കുണ്ടറ പദ്ധതിവഴിയാണ് കൊട്ടാരക്കരയും നെടുവത്തൂരും കുടിവെള്ളമെത്തുന്നത്. ഇത് എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നില്ല. വേനൽക്കാലത്തിന്റെ ആരംഭത്തിൽത്തന്നെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നിരവധി പ്രദേശങ്ങൾ രണ്ടിടത്തുമുണ്ട്. ഇവിടേക്ക് പൈപ്പ് ലൈൻ വലിക്കുക പോലും ചെയ്തിട്ടില്ല. ഇത്തരം ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുംവിധമാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. കൂടുതൽ ഇടങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതാണ് വലിയ കടമ്പ. ഒന്നാം ഘട്ടത്തിന് തുക അനുവദിച്ചതോടെ ഇനി നിർമ്മാണ ജോലികൾ തുടങ്ങും.

തെങ്ങോലിക്കടവിൽ കിണർ

18 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി

510 എച്ച്.പിയുടെ വി.ടി പമ്പ് സെറ്റ്

560 എച്ച്.പിയുടെ പമ്പ് സെറ്റ്

ഉഗ്രൻകുന്നിൽ 16 എം.എൽ.ഡി ട്രീറ്റ്മെന്റ് പ്ളാന്റ്