പത്തനാപുരം : പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മുൻ സൈനികൻ പിടിയിൽ. അടൂർ മൂന്നാളം ചരുവിളവീട്ടിൽ ദീപക് പി ചന്ദാണ് (29) തൃപ്പൂണിത്തുറയിൽ നിന്ന് പത്തനാപുരം പൊലീസിന്റ പിടിയിലായത്. പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിൽ നിന്ന് നാല് ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ആർമി ജയിലിൽ കഴിഞ്ഞിരുന്ന ദീപക് ശിക്ഷ കഴിഞ്ഞ് ജോലിക്ക് ഹാജരാകാതെ ഒളിച്ചോടിയ ശേഷമാണ് തട്ടിപ്പുകൾ തുടങ്ങിയത്. പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും ഓഫീസ് സ്റ്റാഫാണെന്ന വ്യാജേന വയനാട്ടിലെ റിട്ട.ഡി.എഫ്.ഒയിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു. പത്തനംത്തിട്ട, കണ്ണൂർ, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് കേസുകൾ അധികവും. കാറിൽ ഗവ.ഒഫ് ഇന്ത്യയുടെ ചുവന്ന ബോർഡ് സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കായി ഐ.ബി സംഘം പത്തനാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. വിവാഹിതനായ ദീപക് ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് മറ്റ് സ്ത്രീകളുമായി ആഡംബര ഹോട്ടലുകളിൽ കഴിയുന്നതും പതിവായിരുന്നു. കൊട്ടാരക്കര സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവ‌ർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊല്ലം റൂറൽ പൊലീസ് മേധാവി കെ.ബി. രവിയുടെ നിർദ്ദേശ പ്രകാരം ഡിവൈ.എസ്.പി ബി. വിനോദിന്റെ മേൽനോട്ടത്തിൽ പത്തനാപുരം സി.ഐ ജയക്യഷ്ണൻ, എസ്.ഐമാരായ അരുൺ കുമാർ, സുധാകരൻ, സണ്ണി ജോർജ്ജ്, ഗോപകുമാർ , എ.എസ്.ഐ ബിജു എസ് നായർ , സി .പി .ഒ മാരായ , മനീഷ്, ഹരിലാൽ,സന്തോഷ് കുമാർ ,രജ്ഞിത്ത് , സായികുമാർ ,ബോബിൻ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.