പരവൂർ: പൂതക്കുളത്ത് നിലാവ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എൽ.ഇ.ഡി വിളക്കുകളിൽ ഭൂരിഭാഗവും കത്തുന്നില്ലെന്ന് പരാതി. മൂന്നുമാസം മുമ്പ് കലയ്‌ക്കോട്, ആൽത്തറമൂട്, ഐശ്വര്യ സ്കൂൾ, പീന്തമുക്ക്, വായനശാല ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ സ്ഥാപിച്ച ബൾബുകളാണ് നോക്കുകുത്തിയായത്.
കരാർ കാലാവധി കഴിയാത്തതിനാൽ ബൾബുകൾ മാറ്റിയിടുമെന്നാണ് അധികൃതരുടെ വിശദീകരണം. നിലാവ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ 500 ബൾബുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നത്. 450 എണ്ണം സ്ഥാപിച്ചു. നേരത്തെ ഉണ്ടായിരുന്ന ബൾബുകൾ മാറ്റിയ ശേഷമാണ് എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചത്. ഇവ കത്താതായതോടെ പാതയോരങ്ങൾ ഇരുട്ടിലായി. മഴയും തെരുവ് നായ്ക്കളുടെ ശല്യവും നാട്ടിൽ രാത്രിയാത്ര ദുഷ്കരമാക്കിയിരിക്കുകയാണ്.