photo

കരുനാഗപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതോടെ കരുനാഗപ്പള്ളി നഗരത്തിന് കൈവരുന്നത് പുത്തൻ മുഖച്ഛായ. പഴക്കമേറിയ കുറ്റൻ കെട്ടിടങ്ങൾ പൊളിച്ചുനീക്കി, പ്രൗഢ ഗംഭീരമായവ പണിതുയർത്തുന്നതോടെ നഗരത്തിന്റെ മുഖശ്രീ തെളിയും.

ദേശീയപാതയിൽ ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെ ഇരുവശത്തെയും കെട്ടിടങ്ങളാണ് ദ്രുതഗതിയിൽ പൊളിച്ചു നീക്കുന്നത്. ആധുനിക യന്ത്ര സഹായത്തോടെ പൊളിക്കൽ പുരോഗമിക്കുകയാണ്. ഒരു മാസം മുമ്പ് ആരംഭിച്ച പൊളിച്ചുനീക്കൽ ഇപ്പോൾ അവസാനഘട്ടത്തിലാണ്.

കെട്ടിടങ്ങൾക്കൊപ്പം ദേശീയപാതയുടെ വശങ്ങളിലെ മരങ്ങളും മുറിച്ചുമാറ്റി മാറ്റിക്കഴിഞ്ഞു. മാസങ്ങൾക്ക് ശേഷം കരുനാഗപ്പള്ളി ടൗണിലെത്തുന്ന ആരും അദ്ഭുതപ്പെട്ടുപോകുന്ന മാറ്റങ്ങളാണ്

നഗരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് മുതൽ തെക്കോട്ടുള്ള കെട്ടിടങ്ങളിലാണ് ഇനി ജെ.സി.ബിയുടെ പല്ലുകൾ പതിയാനുള്ളത്.

കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതോടെ കുറ്റൻ കെട്ടിടങ്ങളാണ് ഇവിടെ

ഉയരാൻ പോകുന്നത്. ഇതിൽ പ്രാരംഭ പ്രവർത്തനങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.

വളർച്ച അതിദ്രുതം

അതിദ്രുതം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് കരുനാഗപ്പള്ളി. ഭൂമിക്ക് ഏറ്റവും കൂടുതൽ വിലയുള്ള കേരളത്തിലെ നഗരങ്ങളിലൊന്നും ഇതുതന്നെ.

പുതിയ നാലുവരി പാത യാഥാർത്ഥ്യമാകുന്നതോടെ ഇരുവശങ്ങളിലും ആധുനിക വ്യാപാരശാലകൾ ഉയരും. രാജ്യാന്തര നിലവാരമുള്ള നിരവധി വ്യാപാരസ്ഥാപനങ്ങൾ കരുനാഗപ്പള്ളി നഗരത്തെ ഇതിനകം

തന്നെ കണ്ണുവച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്. ഇതിനായി പലരും നഗരത്തിൽ ഭൂമി വാങ്ങിക്കൂട്ടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ,​ മാസങ്ങൾക്കുള്ളിൽ കരുനാഗപ്പള്ളിനഗരം കൂടുതൽ പ്രതാപശാലിയായി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ആശങ്കയായി

എലിവേറ്റഡ് ഹൈവേ

അതേസമയം,​ പുതുതായിവരാൻ പോകുന്ന വാൾ എലിവേറ്റഡ് ഹൈവേ വ്യാപാരികളെ ആശങ്കയിലാക്കുന്നുണ്ട്. എലിവേറ്റഡ് ഹൈവേ വന്നാൽ വ്യാപാരം പൂർണ്ണമായും തകരുമെന്നാണ് വ്യാപാരികൾ പറയുന്നത്. പകരം ഫ്ളൈഓവർ ആണെങ്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും ഉപഭോക്താക്കൾക്ക് കടകളിൽ എത്തി സാധനങ്ങൾ വാങ്ങാനും കഴിയും.

എലിവേറ്റഡ് ഹൈവേയ്ക്കെതിരെ വ്യാപാരി സമൂഹവും നാട്ടുകാരും ഇപ്പോൾ തന്നെ സമരത്തിലാണ്.