adithyan
എസ്. ആദിത്യൻ

പടിഞ്ഞാറേകല്ലട : സ്‌പെഷ്യൽ ക്ളാസ് കഴിഞ്ഞ് സ്‌കൂളിൽ നിന്ന് കൂട്ടുകാരുമായി മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയും പടിഞ്ഞാറേകല്ലട ഐത്തോട്ടുവാ പുളിമൂട്ടിൽ സുനിലിന്റെ മകനുമായ എസ്. ആദിത്യനാണ് വീണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ മുതിരപ്പറമ്പിനു സമീപം മാലിയിൽ മുക്കിൽ വച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു വരികയായിരുന്ന ആദിത്യനെയും കൂട്ടുകാരെയും തെരുവുനായകൾ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നു. ഭയന്ന് ഓടുന്നതിനിടെ ഭിന്നശേഷിക്കാരനായ ആദിത്യന് വീണ് മുഖത്തും കാലിനും പരിക്കേറ്റു. കൂട്ടുകാരും നാട്ടുകാരും ചേർന്ന് നായ്ക്കളെ തുരത്തിയ ശേഷമാണ് ആദിത്യനെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയത്.