പാലം പണി നീളുന്നതിൽ നാട്ടുകാർക്ക് അതൃപ്തി
പടിഞ്ഞാറേകല്ലട : കൊല്ലം കുന്നത്തൂർ താലൂക്കുകളിലെ മൺറോതുരുത്ത്, പടിഞ്ഞാറേകല്ലട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലടയാറിലെ കണ്ണങ്കാട്ട് കടവ് പാലത്തിന്റെ നിർമ്മാണം വൈകുന്നു.
2019 ലാണ് സംസ്ഥാന സർക്കാർ പാലത്തിന് ഭരണാനുമതി നൽകിയത്.
24.95 കോടിരൂപയായിരുന്നു പദ്ധതി ചെലവ്. 158 മീറ്റർ നീളവും 11 മീറ്റർ വീതിയും അഞ്ച് സ്പാനുകളുമാണ് പാലത്തിനുള്ളത്. കിഫ് ബിക്കാണ് നിർമ്മാണ ചുമതല. സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് തയ്യാറാക്കിയ സാമൂഹ്യാഘാത പഠന റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.
പാലത്തിന്റെ സമാന്തര റോഡിനുള്ള ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രാഥമിക വിജ്ഞാപനമാണ് ഇനി പുറപ്പെടുവിക്കാനുള്ളത്. തുടർന്ന്
ഭൂ ഉടമകൾക്ക് നഷ്ടപരിഹാരത്തുക നൽകുന്നത് സംബന്ധിച്ച് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചർച്ചചെയ്തു തീരുമാനമെടുക്കണം. അതിനുശേഷം സാങ്കേതിക അനുമതി ലഭിച്ചാൽ ടെൻണ്ടർ നടപടിയിലേക്ക് കടക്കാം. എന്തായാലും, കണ്ണങ്കാട്ട് കടവ് പാലത്തിന്റെ നിർമ്മാണം വൈകുന്നതിൽ നാട്ടുകാർക്ക് വലിയ പ്രതിഷേധമുണ്ട്.
പെരുമണ്ണിലും പ്രതീക്ഷ
കായംകുളം കൊല്ലം റെയിൽവേ ലൈനിന് സമാന്തരമായി പോകുന്ന പെരുമൺ കണ്ണങ്കാട് റൂട്ടിൽ അഷ്ടമുടിക്കായലിൽ നിർമ്മിക്കുന്ന പെരുമൺ പാലത്തിന്റെ പണി പുരോഗമിച്ചു വരികയാണ്. നിലവിൽ പടിഞ്ഞാറേകല്ലട യിൽ നിന്ന് ചവറ വഴി കൊല്ലത്തിന് 27 കിലോമീറ്ററാണ് ദൂരം. പെരുമൺ, കണ്ണങ്കാട് പാലങ്ങളുടെ പണി പൂർത്തിയായാൽ യാത്രക്കാർക്ക് 10 കിലോമീറ്റർ ലാഭിക്കാം. അതുവഴി സമയവും ഇന്ധനവും ലാഭിക്കാം. ഭാവിയിൽ കായംകുളം - കൊല്ലം ബൈപ്പാസായി ഈ റൂട്ട് പരിഗണിക്കാവുന്നതാണ്.
പെരുമൺ പാലത്തിനൊപ്പം കണ്ണങ്കാട്ട് കടവ് പാലവും പൂർത്തീകരിച്ചു കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ.
ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.
അത് പൂർത്തിയാക്കിയാൽ മാത്രമേ തുടർ നടപടികളിലേക്ക് നീങ്ങാൻ സാധിക്കുകയുള്ളൂ.
ബി. ശ്രീകുമാർ, എക്സി.എൻജിനീയർ,
കെ .ആർ .എഫ് .ബി,
സാമൂഹ്യാഘാത പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഏറ്റെടുക്കേണ്ട ഭൂ ഉടമകളുടെ കൈവശാവകാശ വിവരങ്ങൾ ശേഖരിക്കലാണ് അടുത്ത നടപടി. അത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.
എസ്. ശശിധരൻപിള്ള,
കിഫ്ബി, എൽ.എ.വിഭാഗം, തഹസീൽദാർ