lide-
കരീപ്ര ആതിരാ ഭവനിൽ ശ്രീലതയുടെ വീട് വാസയോഗ്യമല്ലാതായ നിലയിൽ .

എഴുകോൺ : സ്ത്രീകൾ മാത്രമുള്ള നിർദ്ധന കുടുംബം ലൈഫ് പദ്ധതിയിൽ വീട് കിട്ടാൻ അധികൃതരുടെ കനിവ് തേടി അലയുന്നു. കരീപ്ര ഗ്രാമപ്പഞ്ചായത്തിലെ ഇലയം വാർഡിൽ ഉളകോട് ആതിരാ ഭവനിൽ ശ്രീലതയുടെ കുടുംബത്തിനാണ് അർഹതയുണ്ടായിട്ടും ലൈഫിലെ വീട് ഒരു സ്വപ്നമായി അവശേഷിക്കുന്നത്. ശ്രീലതയും അമ്മയും രണ്ട് പെൺക്കളുമടങ്ങുന്നതാണ് ഈ കുടുംബം.

ചെളിയിട്ടുറപ്പിച്ച മൺകട്ട കൊണ്ടുണ്ടാക്കിയ രണ്ട് മുറികളാണ് നിലവിൽ ഇവരുടെ വീട് . ഒരു ഭാഗം നിലംപൊത്തിയിട്ട് വർഷങ്ങളായി. മേൽക്കൂരയും വാതിലുകളും പൂർണമായും തകർന്ന നിലയിലാണ്. അടച്ചുറപ്പില്ലാതായതോടെ പ്രായപൂർത്തിയെത്തിയ പെൺമക്കളുമായി കഴിഞ്ഞ 3 വർഷമായി സഹോദരന്റെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ് ഈ അമ്മ.

അപേക്ഷ നൽകി, പക്ഷേ

2015 മുതൽ ഗ്രാമപ്പഞ്ചായത്തിൽ വീടിന് അപേക്ഷ നൽകുന്നുണ്ട്. ബന്ധപ്പെട്ടവരിൽ നിന്ന് വീടുണ്ടെന്നുള്ള ഉറപ്പും കിട്ടി. എന്നാൽ വീട് കിട്ടാതെ വന്നതോടെ 2018-ൽ കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമസേവകനും ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ ഒരു പട തന്നെ വീട്ടിലെത്തി.

വീടിന്റെ ഫോട്ടോയും എടുത്ത് ദുരിതാവസ്ഥയിൽ സഹതപിച്ച് മടങ്ങിയതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല.

20 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതാണ് ശ്രീലതയെ. ഹോം നഴ്സായി ജോലി നോക്കിയാണ് ശ്രീലത കുടുംബം പുലർത്തുന്നത്. ശ്രീലതയുടെ അമ്മ 72-ാം വയസിലും തൊഴിലുറപ്പിന് പോയി അന്നത്തിനുള്ള വഴി കാണുന്നുണ്ട്.

രണ്ട് പെൺമക്കളെയും നല്ല നിലയിൽ വിദ്യാഭ്യാസം ചെയ്യിച്ച ശ്രീലത മൂത്ത മകളുടെ വിവാഹവും നടത്തി.

ഇളയമകളെ എങ്കിലും സ്വന്തം വീട്ടിൽ നിന്ന് വിവാഹ പന്തലിലേക്ക് ഇറക്കണമെന്നതാണ് ഈ അമ്മയുടെ വലിയ മോഹം .

സാങ്കേതിക തടസങ്ങൾ

ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ അപേക്ഷ നൽകാൻ വൈകിയതിനാലാണ് ശ്രീലതയ്ക്ക് വീട് കിട്ടാതെ പോയതെന്ന് മുൻ ഗ്രാമപ്പഞ്ചായത്തംഗം എസ്.ബിന്ദു പറഞ്ഞു. അപേക്ഷ നൽകുന്ന ഘട്ടത്തിൽ ഇവരെ കണ്ടെത്താനായിരുന്നില്ല. പിന്നീട് ഉൾപ്പെടുത്താനുള്ള സാങ്കേതിക തടസങ്ങൾ മാറ്റാനാകാതെ പോയത് സങ്കടകരമാണ്.

അർഹതയുള്ള ഈ കുടുംബത്തിന് ലൈഫിൽ വീടൊരുക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്ന ആഗ്രഹത്തിലാണ് നിലവിലുള്ള ഗ്രാമപ്പഞ്ചായത്തംഗം ഉഷയും.