ചാത്തന്നൂർ: ഗ്രാമ പഞ്ചായത്തും ഐ.സി.ഡി.എസും അറിയാതെ സി.പി.എം നേതൃത്വത്തിൽ ഉദ്ഘാടനം നടത്തിയ അങ്കണവാടിയുടെ 'ഔദ്യോഗിക' ഉദ്ഘാടനം നടത്താൻ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

ചിറക്കര പഞ്ചായത്ത് ഒന്നാം വാർഡിലെ 108-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം നടത്താൻ തീരുമാനമെടുത്ത യോഗത്തിൽ നിന്ന് സി.പി.എം അംഗങ്ങൾ ഇറങ്ങിപ്പോയി.

ഇന്നലെ നടന്ന ഭരണസമിതി യോഗത്തിൽ പതിനെട്ടാം നമ്പർ അജണ്ട ആയിട്ടാണ് വിഷയം ഉൾപ്പെടുത്തിയിരുന്നത്. ഉദ്ഘാടനം വളരെ വിപുലമായി നടത്തണമെന്ന് പ്രസിഡന്റ്‌ കമ്മിറ്റിയിൽ നിർദ്ദേശിച്ചു. ഇതിനെതിരെ സി.പി.എം അംഗങ്ങൾ ശബ്ദമുയർത്തി. എങ്കിലും 23ന് ഉദ്ഘാടനം ചെയ്യാൻ ഭരണസമിതി തീരുമാനിച്ചു. അങ്കണവാടിയിൽ അതിക്രമിച്ച് കയറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാർച്ച് 24 നാണ് സി.പി.എം മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമില്ലാതെ അങ്കണവാടി ഉദ്ഘാടനം ചെയ്തത്.