കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഫ്രണ്ട്‌സ് റിക്വസ്റ്റ് അയക്കുന്നതായി പരാതി.

വിസ്മയ വിജിത്ത് എന്ന പേരിൽ വിസ്മയ, വിസ്മയയുടെ സഹോദരൻ വിജിത്ത്, വിജിത്തിന്റെ ഭാര്യ ഡോ. രേവതി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കിൽ പുതിയ അക്കൗണ്ട് രൂപീകരിച്ചിരിക്കുന്നത്.

വിസ്മയയുടെ സഹോദരനോ സഹോദര ഭാര്യയോ സുഹൃദ് പട്ടികയിൽ ഇല്ലാത്ത അക്കൗണ്ടിൽ എണ്ണൂറോളം പേരെയാണ് സുഹൃത്തുക്കളായി ചേർത്തിരിക്കുന്നത്. ബന്ധുക്കൾക്ക് റിക്വസ്റ്റ് വന്നതിനെ തുടർന്നാണ് പരാതി നൽകിയത്. വിസ്മയയുടെ പിതാവ് കൈകാര്യം ചെയ്തിട്ടില്ലാത്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ കുറിച്ച് വിസ്മയ കേസ് വിചാരണയ്ക്കിടെ പ്രതിഭാഗം കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ബന്ധുക്കൾ പരാതി നൽകിയത്. സൈബർ സെല്ല് അന്വേഷണം നടത്തുമെന്ന് റൂറൽ എസ്.പി പറഞ്ഞു.