44 ലക്ഷം രൂപ ചെലവിൽ
കുന്നിക്കോട് : വിളക്കുടി വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരം നിർമ്മാണം തുടങ്ങി. നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് കാലപ്പഴക്കത്താലുള്ള കേടുപാടുകൾ സംഭവിച്ചതിനാലാണ് പുതിയത് നിർമ്മിക്കുന്നത്. ഇളമ്പൽ ജംഗ്ഷനിലെ ചന്തയുടെ പിന്നിലുള്ള റവന്യൂ ഭൂമിയിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലതാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. റവന്യൂ വകുപ്പ് ഫണ്ടിൽ നിന്ന് അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. പത്തനാപുരം താലൂക്കിൽ അനുവദിച്ച 3 സ്മാർട്ട് വില്ലേജുകളിൽ ഒന്നാണ് വിളക്കുടിയിലേത്. തലവൂരിലും പുന്നലയിലുമുള്ള മറ്റ് രണ്ടെണ്ണം യാഥാർത്ഥ്യമായി.
ഹൈടെക് സംവിധാനങ്ങൾ
വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരത്തിൽ ആധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാക്കും. വില്ലേജ് ഓഫീസർക്കുള്ള മുറി, ഓഫീസ് മുറി, റെക്കാർഡ് മുറി, ഹാൾ, ഭക്ഷണമുറി, ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി പ്രത്യേകം വിശ്രമകേന്ദ്രം, ശൗചാലയം , ചുറ്റുമതിൽ, ഗേറ്റ് തുടങ്ങിയവ നിർമ്മിക്കും. 2022 ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വില്ലേജ് വിഭജിക്കണം
ജനസാന്ദ്രതയും വീടുകളുടെ എണ്ണവും കുടുതലുള്ള പഞ്ചായത്തിൽ 20 വാർഡുകളാണ്. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യ 32,995 ആണ്. പച്ചില മുതൽ കര്യറ ഉൾപ്പെടുന്ന പുനലൂർ പേപ്പർമിൽ വരെയും ആവണീശ്വരം മുതൽ കോട്ടവട്ടം വരെയുമാണ് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം. ഇത്രയും പ്രദേശത്തെ ആളുകൾ വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്നതാകട്ടെ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഈ ഏക വില്ലേജ് ഓഫീസിനെയാണ്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കാര്യറ നിവാസികളായതിനാൽ വില്ലേജ് വിഭജനം അവർക്കാണ് ഏറ്റവും പ്രയോജനം ചെയ്യുന്നത്. കൊല്ലം-ചെങ്കോട്ട റെയിൽപാത വിളക്കുടി ഗ്രാമപഞ്ചായത്തിനെ രണ്ടായി വിഭജിച്ചാണ് കടന്ന് പോകുന്നത്. ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകൾ സ്ഥിതി ചെയ്യുന്ന കാര്യറ മേഖലയിലെ നിവാസികൾക്ക് ഇളമ്പലിലുള്ള വില്ലേജ് ഓഫീസിലെത്താൻ പുനലൂർ വഴിയോ പനമ്പറ്റ വഴിയോ ചുറ്റി സഞ്ചരിക്കേണം. 20 വാർഡുകളുള്ള തലവൂർ ഗ്രാമപഞ്ചായത്തിൽ തലവൂരിലും പിടവൂരിലുമായി രണ്ട് വില്ലേജ് ഓഫീസുകളുണ്ട്. പ്രദേശവാസികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വിഭജനത്തിന്റെ അനിവാര്യത വിവരിച്ച് ഒന്നര വർഷം മുമ്പ് വിളക്കുടി വില്ലേജ് ഓഫീസർ പത്തനാപുരം തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.