പത്തനാപുരം : കുറഞ്ഞ നിരക്കിൽ കുടിവെള്ളമെത്തിക്കാനായി തയ്യാറാക്കിയ പദ്ധതി നിലച്ചു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം നാശത്തിൽ . പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ കടമ്പകളേറെയാണെന്ന് വനംവകുപ്പ് പറയുന്നു. വനംവകുപ്പിന്റെ സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര അനുമതി വേണമെന്ന പുതിയ നിയമം ശബരി കുപ്പിവെള്ള പദ്ധതിക്ക് വിലങ്ങുതടിയായി. ഇതോടെ കെട്ടിട നിർമ്മാണത്തിനടക്കം മുടക്കിയ 60 ലക്ഷം രൂപ നഷ്ടമാകും.കെട്ടിടവും കുളങ്ങളും ഇപ്പോൾ കാടുമൂടിയ നിലയിലാണ്.
മന്ത്രി പോയി, പദ്ധതി വീണു
പിറവന്തൂർ പഞ്ചായത്തിലെ കടശ്ശേരിയിൽ വനം വകുപ്പിന്റെ സ്ഥലത്താണ് ശബരി കുപ്പിവെള്ളപദ്ധതി ആരംഭിച്ചത്. കെ.ബി. ഗണേശ് കുമാർ വനം മന്ത്രിയായിരിക്കെ ഒരു കുപ്പി വെള്ളത്തിന് 10 രൂപ നിരക്കിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. ഒരു കോടി രൂപ വകയിരുത്തി 2012 ഒക്ടോബർ 27 ന് തറക്കല്ലിട്ട പദ്ധതിയുടെ കെട്ടിട നിർമ്മാണവും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും ഒന്നര വർഷത്തിനിടെ പൂർത്തിയായി. തുടർന്ന് യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനായി നടപടികൾ ആരംഭിക്കുന്നതിനിടെ ഗണേശ് കുമാറിന് മന്ത്രി സ്ഥാനം പോയി, പദ്ധതിക്ക് താഴ് വീണു. തുടർന്ന് വന്ന വനം വകുപ്പ് മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.രാജുവും തുടർ നടപടികളെടുക്കാൻ തയ്യാറാവാതെ വന്നതോടെ പദ്ധതി മുടങ്ങി.
തടയിട്ട് കേന്ദ്രം
വനം വികസന കോർപ്പറേഷന് വ്യവസായ സംരംഭങ്ങൾ തുടങ്ങുവാൻ സാധിക്കില്ലെന്നും അത് നിയമ വിരുദ്ധമാകുമെന്നുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇത് മറികടക്കുവാനും പദ്ധതിക്ക് മുടക്കിയ പണം നഷ്ടമാകാതിരിക്കാൻ വന്യജീവി വകുപ്പിന് കൈമാറണമെന്ന ഉന്നതതല നിർദ്ദേശം ഉണ്ടായെങ്കിലും അതിനും തുടർ നടപടികളുണ്ടായില്ല. നിരവധി പേർക്ക് തൊഴിൽ ലഭിക്കുമായിരുന്ന മലയോരമേഖലയുടെ സ്വപ്ന പദ്ധതി ഫലം കാണാതെ പോകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ
വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ. എയും മറ്റ് അധികൃതരും ചർച്ച നടത്തി പദ്ധതി നടപ്പിലാക്കണം.
പുന്നല ഉല്ലാസ് കുമാർ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് )
ലക്ഷങ്ങൾ ചെലവഴിച്ചതും നിരവധി പേർക്ക് തൊഴിൽ സാദ്ധ്യതയുള്ളതുമായ പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
ആർ.രജികുമാർ (അനി കൊച്ച്) പൊതുപ്രവർത്തകൻ