പുനലൂർ: കേരള സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന തല പട്ടയമേളയുടെ സമാപനവും ജില്ലാതല പട്ടയമേളയും 31ന് പുനലൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. ജില്ലയിലെ വിവിധ താലൂക്കുകളിൽ താമസിക്കുന്ന 1140 കുടുംബങ്ങളുടെ കൈവശ ഭൂമിക്കാണ് പട്ടയം നൽകുന്നതെന്ന് സംഘാടക സമിതി ജോയിന്റ് കൺവീനറായ പുനലൂർ തഹസീൽദാർ അറിയിച്ചു. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകൾ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. സംഘാടക സമിതി ചെയർമാൻകൂടിയായ പി.എസ്.സുപാൽ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മേള നടത്തിപ്പുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്. ഇത്തരത്തിൽ ലഭിക്കുന്ന തുകകൾ സംഘാടക സമിതി കൺവീനർ കൂടിയായ ജില്ല കളക്ടറുടെ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മേളയുടെ ചെലവ് വഹിക്കും

മേളയുടെ പ്രവൃത്തികൾ ക്വട്ടേഷൻ വ്യവസ്ഥയിൽ സുതാര്യമായിട്ടാണ് നടത്തി വരുന്നത്. പരിപാടിയുടെ സാമാപനത്തിന് ശേഷം സംഘാടക സമിതി യോഗം ചേർന്ന വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യും.തുടർന്ന് പൊതുജനങ്ങൾക്ക് പ്രസിദ്ധീകരിക്കും. മേളയുടെ നടത്തിപ്പിലേക്ക് ആവശ്യയമായ തുകകൾ മാത്രമാണ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ ഉത്തരവ് പ്രകാരം സ്വീകരിക്കുന്നത്.മേളയുടെ നടത്തിപ്പിന് ശേഷം ചെലവായ തുകയുടെ ബാക്കി പണം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തിരികെ നൽകാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ടെന്നും ജോയിന്റ് കൺവീനർ അറിയിച്ചു.