photo
ലാലാജി ജംഗ്ഷനിലെ വെള്ളക്കെട്ട്

കരുനാഗപ്പള്ളി: മഴ ശക്തമായതോടെ ദേശീയപാതയും കരുനാഗപ്പള്ളി നഗരവും വെള്ളക്കെട്ടായി. മഴ വെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാതെ ദേശീയപാതയിൽ തന്നെ കെട്ടി നിൽക്കുന്നത് കാൽനടക്കാർക്കും ഇരുചക്ര

വാഹനക്കാർക്കും ഒരു പോലെ വിനയായിരിക്കുകയാണ്.

നഗരമദ്ധ്യത്തുകൂടി കടന്നുപോകുന്ന ദേശീയപാത ഒരു വർഷം മുമ്പ് നാല് വരിപ്പാതയാക്കി വീതി കൂട്ടിയിരുന്നു. ഓച്ചിറ മുതൽ ലാലാജി ജംഗ്ഷൻ വരെയായിരുന്നു നവീകരണം. നാഷണൽ ഹൈവേയുടെ മദ്ധ്യഭാഗത്തു കൂടി നഗരത്തിൽ ഡിവൈഡറും നിർമ്മിച്ചു.

ഡിവൈഡറിന്റെ വശങ്ങളിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന മഴ വെള്ളം റോഡിന്റെ മദ്ധ്യഭാഗത്ത് കെട്ടിനിൽക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

ഈ ഭാഗത്തെ ഓട പൂർണ്ണമായും നികത്തിയതാണ് അതിന് കാരണം.

ദേശീയപാതയിലൂ‌ടെ അതിവേഗതത്തിൽ പായുന്ന വാഹനങ്ങൾ റോഡിലെ മഴ വെള്ളം തെറിപ്പിച്ച് കൊണ്ടാണ് കടന്നുപോകുന്നത്. ഇതോടെ,​ കാൽനട യാത്രക്കാരുടെ വസ്ത്രങ്ങളിൽ ചെളിവെള്ളം തെറിക്കുന്നതി പതിവായിട്ടുണ്ട്.

ലാലാജി, കെ.എസ്.ആർ.ടി.സി ജംഗ്ഷനുകളിലാണ് മഴ വെള്ളം കെട്ടിക്കിടക്കുന്നത്.

കാലവർഷം ആരംഭിച്ചാൽ സ്ഥിതി രൂക്ഷമാകുമെന്നും അതിനാൽ

ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ താത്ക്കാലിക സംവിധാനം ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ റോഡിന്റെ വശങ്ങളിൽ ഓടകൾ നിർമ്മിക്കുമെന്നതിനാലാണ് താത്ക്കാലിക സംവിധാനം നാട്ടുകാർ ആവശ്യപ്പെടുന്നത്.