കൊല്ലം: ആശ്രാമം ലിങ്ക് റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ഒന്നേകാൽ വർഷം മുൻപ് ആരംഭിച്ച കുമാരനാശാൻ സ്മാരക പുനർജനി എക്കോപാർക്കിന്റെ നിർമ്മാണം ഇഴയുന്നു. കുറഞ്ഞത് രണ്ടു മാസമെങ്കിലും വേണ്ടിവരും പൂർത്തിയാവാൻ.
ആറു മാസം മുൻപ് പാർക്ക് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും മാസങ്ങളോളം മുടങ്ങിക്കിടന്ന നിർമ്മാണം അടുത്തിടെയാണ് ആരംഭിച്ചത്. ഇതിനിടെ പാർക്ക് പരിസരത്ത് മാലിന്യ നിക്ഷേപവും രൂക്ഷമായി. പാർക്കിലെ ഓപ്പൺ എയർ ഓഡിറ്റോറിയം, ഗ്രീൻ റൂം, മുൻഭാഗത്തെ മതിലിനുള്ള അടിസ്ഥാനം എന്നിവ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഓഡിറ്റോറിയത്തിന് മുന്നിൽ ഇരിപ്പിടങ്ങളിടുന്ന സ്ഥലത്ത് ഇന്റർലോക്ക് പാകൽ, മുൻഭാഗത്തെ മതിൽ നിർമ്മാണം, മുൻഭാഗത്തും ഉള്ളിലും നടപ്പാതകൾ, ബയോഫെൻസിംഗ് എന്നിവയും വൈദ്യുതീകരണവും ബാക്കിനിൽക്കുകയാണ്.
2017 സെപ്തംബറിലാണ് ടൂറിസം വകുപ്പ് ഇവിടെ പാർക്ക് നിർമ്മാണത്തിന് പണം അനുവദിച്ചത്. വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് അഷ്ടമുടി കായലിന്റെ സൗന്ദര്യം കൂടി ആസ്വദിക്കാൻ കഴിയുന്ന കേന്ദ്രമാക്കുകയായിരുന്നു ലക്ഷ്യം. മാലിന്യം കുന്നുകൂടിക്കിടക്കുന്ന അവസ്ഥയിൽ നിന്നുള്ള മോചനം എന്ന നിലയിലാണ് 'പുനർജനി'യെന്ന് പാർക്കിന് ആദ്യം പേരിട്ടത്. കുമാരനാശാൻ അപകടത്തിൽപ്പെട്ട് മരിച്ച ബോട്ട് യാത്ര ആരംഭിച്ചത് പാർക്കിന് സമീപത്തുള്ള ബോട്ട് ജെട്ടിയിൽ നിന്നാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള, എം. മുകേഷ് എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരമാണ് സർക്കാർ ഈ പാർക്ക് കുമാരനാശാൻ സ്മാരകമായി പ്രഖ്യാപിച്ചത്. പണം അനുവദിച്ച് മൂന്ന് വർഷം കഴിഞ്ഞാണ് നിർമ്മാണം തുടങ്ങിയത്. സമാനമായ കാലതാമസം പൂർത്തിയാക്കുന്നതിലും തുടരുകയാണ്.
.................................
# പാർക്കിലെ സൗകര്യങ്ങൾ
ഓപ്പൺ എയർ ഓഡിറ്റോറിയം
കല്ലിൽ തീർത്ത ഇരിപ്പിടങ്ങൾ
അലങ്കാര വിളക്കുകൾ
മുള കൊണ്ടുള്ള ജൈവ ചുറ്റുമതിൽ
പുൽത്തകിടി
..............................
വിസ്തീർണം: 2.22 ഏക്കർ
ആകെ തുക: 3 കോടി
................................
പാർക്കിന്റെ നിർമ്മാണം ഇഴയുന്നത് കുമാരനാശാനോടുള്ള അനാദരവാണ്. സർക്കാരിന്റെ നിർമ്മാണ പ്രവൃത്തികൾ അനന്തമായി നീളുന്നത് പതിവാണ്. സർക്കാർ കാര്യങ്ങളിൽ മെല്ലെപ്പോക്ക് ഒരു ചട്ടവും കീഴ് വഴക്കുമായി മാറി
അഡ്വ. എസ്. ഷേണാജി (കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ പ്രസിഡന്റ്)