കൊല്ലം: കൂട്ടിക്കട ലെവൽക്രോസിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും മേൽപ്പാലം നിർമ്മിക്കുന്ന കാര്യത്തിൽ റെയിൽവേ കാട്ടുന്ന മെല്ലെപ്പോക്ക് നാടിന് ദുരിതമാവുന്നു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.കെ) രണ്ടുമാസം മുമ്പ് പാലത്തിന്റെ പരിഷ്കരിച്ച രൂപരേഖ സമർപ്പിച്ചെങ്കിലും റെയിൽവേ അധികൃതർ അതൊന്ന് പരിശോധിക്കാൻ പോലും തയ്യാറായിട്ടില്ല. 52.24 കോടിയാണ് പാലത്തിനു വേണ്ടി കിഫ്ബി അനുവദിച്ചത്.

റെയിൽവേ ട്രാക്കിന് നേർമുകളിലുള്ള, പാലത്തിന്റെ ഭാഗം നിർമ്മിക്കുന്നത് റെയിൽവേയാണ്. അതിനാൽ ഈ ഭാഗത്തിന്റെ രൂപരേഖയ്ക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം അനിവാര്യമാണ്. കൂട്ടിക്കട ആർ.ഒ.ബിയുടെ രൂപരേഖ കഴിഞ്ഞവർഷം ഒക്ടോബറിൽ റെയിൽവേയ്ക്ക് നൽകിയിരുന്നു. ഇതിൽ നിർദ്ദേശിച്ച ഭേദഗതികൾ സഹിതം കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചെങ്കിലും സ്ഥല പരിശോധനയ്ക്ക് പോലും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ തുടർനടപടികളായ സ്ഥലമേറ്റെടുക്കലും സാമൂഹ്യ ആഘാത പഠനവും തുടങ്ങാനാകാത്ത സ്ഥിതിയാണ്. സ്ഥലമേറ്റെടുക്കലിന് ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടിവരും.

2021 ജനുവരിയിലാണ് കൂട്ടിക്കടയിൽ റെയിൽവേ ഓവർബ്രിഡ്ജിന് കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയത്. ആർ.ബി.ഡി.സിയെ നിർൾഹണ ഏജൻസിയായി നിശ്ചയിക്കുകയും ചെയ്തു. ആർ.ബി.ഡി.സി തയ്യാറാക്കിയ രൂപരേഖ അംഗീകരിച്ച കിഫ്ബി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തുക അനുവദിച്ചത്.

 കുരുക്കിൽ വലയുന്നു

കൂട്ടിക്കട ലെവൽക്രോസിലെ കുരുക്ക് ട്രെയിൻ ഗതാഗതത്തെ പോലും ബാധിക്കുന്ന തരത്തിലായി. ഗേറ്റിന് തൊട്ടരികെ നാല് റോ‌ഡുകൾ വന്നുചേരുന്നതാണ് കുരുക്കിന്റെ പ്രധാന കാരണം.വാഹനങ്ങൾ ഒരുമിച്ച് ഗേറ്റ് കടക്കാൻ ശ്രമിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാനാകാത്ത വിധം ഗതാഗതം സ്തംഭിക്കും. കഴിഞ്ഞയാഴ്ച പല ദിവസങ്ങളിലും ഗേറ്റ് അടയ്ക്കാനാകാതെ ട്രെയിൻ പിടിച്ചിടുന്ന സ്ഥിതിയുണ്ടായി. ഇരവിപുരം ലെവൽക്രോസ് ആർ.ഒ.ബി നിർമ്മാണത്തിനായി അടച്ചതോടെയാണ് കൂട്ടിക്കടയിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം പെരുകിയത്.