stone
പാട്ടമ്പലത്തെ റോഡിന് നടുവിലെ ചുമടുതാങ്ങിയിലെ കല്ലുകളിലൊന്ന് വാഹനം ഇടിച്ച് തകർന്ന നിലയിൽ

പടിഞ്ഞാറേകല്ലട : കടപുഴ പാട്ടമ്പലത്തിന് മുമ്പിലെ ചുമടുതാങ്ങി വാഹന യാത്രക്കാർക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല.

പഞ്ചായത്ത് റോഡിന് ഏതാനും മാസം മുമ്പ് സംസ്ഥാന ഫിഷറീസ് വകുപ്പ് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന് വീതികൂട്ടി ടാർ ചെയ്യുന്നതിനിടെ ചുമടുതാങ്ങി റോഡിന്റെ മദ്ധ്യഭാഗത്തായി. ഇതോടെ തുടങ്ങിയതാണ് വാഹന യാത്രക്കാരുടെ ശനിദശ.

കഴിഞ്ഞ ദിവസം രാത്രിയിൽ ഏതോ വാഹനം ഇടിച്ച് കല്ലുകളിലൊരണ്ണം ഒടിഞ്ഞുവീഴുകയുംചെയ്തു.

കൊടുംവളവിൽ നിൽക്കുന്ന ചുമടുതാങ്ങിയെ അടുത്തെത്തുമ്പോൾ മാത്രമാണ് വാഹനം ഓടിക്കുന്നവർക്ക് കാണാൻ കഴിയുന്നത്. ഇതോടെ വാഹനം വെട്ടിത്തിരിക്കുകയും അത് അപകടത്തിന് ഇടയാക്കുകയും ചെയ്യുന്നു.

കടപുഴ വലിയപള്ളി , തിരുവാറ്റാ ക്ഷേത്രo, നെൽപ്പുരക്കുന്ന് എന്നിവിടങ്ങളിലേക്ക് ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലെ ഈ ചുമടുതാങ്ങി അഥവ അത്താണി വലിയ തലവേദനയായിരിക്കുകയാണ്.

വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്ത് പാട്ടമ്പലത്തിന് മുമ്പിലെ ചുമടുതാങ്ങി മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.

കെ.സുധീർ,​ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,​

പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത്.

ആർക്കുംവേണ്ട,​

അത്താണി

വർഷങ്ങൾക്കുമുമ്പ്,​ അതായത് വാഹനഗതാഗതമില്ലാതിരുന്ന കാലത്ത് ആളുകൾ സാധനങ്ങൾ തലച്ചുമടായി ദീർഘദൂരം കൊണ്ടുപോകുമ്പോൾ ഇടയ്ക്കൊന്ന് ഇറക്കിവച്ച് വിശ്രമിക്കാൻ പാതയോരങ്ങളിൽ നാട്ടിയ കരിങ്കല്ലുകളാണ് ചുമടുതാങ്ങി അഥവ അത്താണി.ക്ഷീണം തോന്നുമ്പോൾ പരസഹായമില്ലാതെ ഈ കല്ലിന് മുകളിൽ ചുമടിറക്കി വയ്ക്കുകയും പിന്നീട് അത് സ്വയം തലയിലേറ്റാൻ സഹായിക്കുന്നവയുമായിരുന്നു അത്താണി. കാലം മാറുകയും വാഹനഗതാഗതം സർവ്വസാധാരണമാകുകയും ചെയ്തതോടെ അത്താണികൾ വിസ്‌മൃതിയിലായി.