karepra-

എഴുകോൺ : കരീപ്ര ഗ്രാമപ്പഞ്ചായത്തിൽ എം.എൻ സ്മാരക സാംസ്കാരിക നിലയം ലൈബ്രറിയെ ചൊല്ലി ഇടതുപക്ഷ ഭരണ സമിതിയിൽ ഭിന്നിപ്പും വിവാദവും. പതിറ്റാണ്ടുകൾക്ക് മുൻപ് പ്രവർത്തനം തുടങ്ങിയ

ലൈബ്രറിയിൽ നവീകരണത്തിന്റെ പേരിൽ പുതിയ ശിലാഫലകം സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തതിലാണ് വിവാദം.

നടപടി തെറ്റാണെന്നാരോപിച്ച് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള സി.പി.ഐ അംഗങ്ങൾ ചടങ്ങിൽ നിന്ന് വിട്ടു നിന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശനും ചടങ്ങിനെത്തിയില്ല.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാജേന്ദ്രൻ പ്രസിഡന്റായിരിക്കെ 1993 ഫെബ്രുവരി 23 -നാണ് സാംസ്കാരിക നിലയവും ലൈബ്രറിയും സ്ഥാപിച്ചത്. അന്നത്തെ തദ്ദേശഭരണ മന്ത്രി ടി.കെ.ഹംസയാണ് ഉദ്ഘാടനം നിർവഹിച്ചത്. നിലവിലെ ഭരണ സമിതി ലൈബ്രറി നവീകരണത്തിന് പദ്ധതി ഇട്ടപ്പോൾ തന്നെ സി.പി.ഐ എതിർത്തിരുന്നു. സമീപ ഭാവിയിൽ ഇവിടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മിക്കണമെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ അത്യാവശ്യ അറ്റകുറ്റപണികൾ നടത്താനെടുത്ത ധാരണയുടെ മറവിലാണ് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് ചില പ്രവർത്തികൾ ഇവിടെ നടത്തിയത്.

പെയിന്റടിച്ച് ശിലാഫലകം സ്ഥാപിച്ചെന്ന് ആക്ഷേപം

ലൈബ്രറി നവീകരണത്തിന്റെ മറവിൽ നടത്തിയ പ്രവർത്തികളിലും ആക്ഷേപമുണ്ട്. ലൈബ്രറിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ഒന്നും ചെയ്യാത്തതാണ് കാരണം.ആധുനികതയ്ക്ക് ഇണങ്ങുന്ന റാക്കുകളും മറ്റും സ്ഥാപിക്കാതെ പഴയവ മിനുക്കിയെടുക്കുകയായിരുന്നു. റീഡിംഗ് റൂമിലും വായനക്കാർക്ക് സൗകര്യമൊരുക്കുന്ന പരിഷ്ക്കാരങ്ങൾ ഒന്നും വരുത്തിയിട്ടില്ല.കെട്ടിടം പെയിന്റടിച്ച് പുതുക്കിയതും നിലവിലുള്ള മുൻ വാതിലിന് പുറമേ മറുഭാഗത്ത് മറ്റൊരു വാതിലിട്ടതും കെട്ടിടത്തിന് വെളിയിലേക്ക് ഷീറ്റിട്ട് തറയോട് പാകി വരാന്തയൊരുക്കിയതുമാണ് പ്രധാന പരിഷ്ക്കാരങ്ങൾ. നിർമ്മാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ പഞ്ചായത്ത് വാഹനം കയറ്റിയതിനെ തുടർന്ന് വരാന്തയിലെ തറയോടുകൾ തകർന്നിരുന്നു. പിന്നീട് കരാറുകാരനെ വരുത്തി ഉദ്ഘാടനത്തിന് മുൻപ് ഇതുറപ്പിക്കുകയായിരുന്നു.സാംസ്കാരിക നിലയത്തിലെ തകർന്ന് കിടക്കുന്ന ശുചിമുറികൾ നന്നാക്കി വായനക്കാർക്ക് തുറന്ന് കൊടുക്കുന്നതിന് നവീകരണത്തിൽ പദ്ധതിയുണ്ടായില്ല. ലൈബ്രറിയിലും സാംസ്കാരിക നിലയത്തിലുമായി കേടായിക്കിടക്കുന്ന ഏഴ് ഫാനുകളും നന്നാക്കിയിട്ടില്ല.ലൈബ്രറിക്ക് വേണ്ടുന്നതൊന്നും ചെയ്യാതെ പെയിന്റടിച്ച് ശിലാഫലകം സ്ഥാപിച്ചത് ദുരുദ്ദേശപരമാണെന്നാണ് സി.പി.ഐ. നേതാക്കൾ പറയുന്നത്.

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ അദ്ധ്യക്ഷത വഹിച്ചു.