photo-
വണ്ടിപ്പെരിയാർ - ഭരണിക്കാവ് ദേശീയപാതയിലെ കൊടുംവളവിൽ ഉയരുന്ന കൂറ്റൻ പരസ്യ ബോർഡ്

ശാസ്താംകോട്ട: ഭരണിക്കാവ് ജംഗ്ഷന് കിഴക്ക് വണ്ടിപ്പെരിയാർ - ഭരണിക്കാവ് ദേശീയപാതയിലെ കൊടുംവളവിൽ വാഹനയാത്രക്കാരുടെ കാഴ്ചമറയ്ക്കും വിധത്തിൽ പരസ്യ ബോർഡ് ഉയരുന്നു. കശുഅണ്ടി വികസന കോർപ്പറേഷന്റെ സ്ഥലത്താണ് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന

വിധത്തിൽ കൂറ്റൻ പരസ്യബോർഡ് ഉയരുന്നത്. ഫാക്ടറിയുടെ കിഴക്ക് ഭാഗത്തെ റോഡിനോട് ചേർന്നാണ് ബോർഡ് സ്ഥാപിക്കുന്നത്.

ഈ റോഡിലെ ഏറ്റവും വലിയ വളവും ഈ ഭാഗത്താണ്.

യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന കോടതി നിർദേശവും ഉത്തരവും നിലനിൽക്കെയാണ് തുച്ഛമായ വരുമാനത്തിന് അധികൃതർ സ്ഥലം വിട്ടു നൽകിയിരിക്കുന്നത്.

ഈ ഭാഗത്ത്‌ അപകടങ്ങൾ നിത്യസംഭവമാണ്. പരസ്യ ബോർഡ് കൂടി ഉയരുന്നതോടെ കാഴ്ച പൂർണ്ണമായും മറയുകയും ഡ്രൈവർമാരുടെ ശ്രദ്ധ ബോർഡിലേക്ക് തിരിയുകയും ചെയ്യും. ഇതോടെ അപകടങ്ങൾ വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് നാട്ടുകാർ പറയുന്നു. കൂറ്റൻ പരസ്യബോർഡ് സ്ഥാപിക്കുന്നതിനെതിരെ അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.