
കൊട്ടിയം: കാറ്റിലും മഴയിലും മേൽക്കൂര തകർന്നുവീണ വീട്ടിൽ നിന്ന് ഒരു കുടുംബത്തിലെ നാലു പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആദിച്ചനല്ലൂർ പഞ്ചായത്തിലെ 16-ാം വാർഡ് മൈലക്കാട് ചരുവിള പുത്തൻവീട്ടിൽ ഷെമിയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി 1.55 ന് ആയിരുന്നു അപകടം.
ഷെമിയും ഭാര്യ സ്മിതയും 6 വയസും 10 വയസുമുള്ള രണ്ടു കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് കുഞ്ഞുങ്ങളുടെയും ദമ്പതികളുടെയും ദേഹത്തേക്ക് പൊട്ടിവീണ ഓടുകളും ഒടിഞ്ഞ കഴുക്കോലുകളും മൂടിക്കിടക്കുന്നതായിരുന്നു. ആറു വയസുകാരിയെ തടിക്കഷ്ണങ്ങൾക്കിടയിൽ നിന്നു വലിച്ചെടുക്കുകയായിരുന്നു. കുട്ടികൾക്ക് നാസാര പരിക്കാണുള്ളത്. ഷെമിക്കും ഭാര്യയ്ക്കും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.