phoro
വെള്ളക്കെട്ടിലായ ഗ്രാമീണ റോഡ്

കരുനാഗപ്പള്ളി : തോരാതെ തുടരുന്ന മഴ കായൽ തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കി. വെള്ളക്കെട്ടും തൊഴിലില്ലായ്മയും പട്ടിണിയുമായി അവർ വലിയ കഷ്ടത്തിലാണ്.

മഴ നീണ്ടുനിൽക്കുന്നതിനാൽ നാട്ടിൻപുറത്ത് ജോലിയില്ലാത്ത അവസ്ഥയുണ്ട്. തോടുകൾ നിറഞ്ഞുകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടായി. കായൽ തീരങ്ങളിലെ വീടുകളിൽ വെള്ളം കയറി.

പ്രദേശമാകെ വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ പലർക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

പശ്ചിമതീര കനാലിലും പള്ളിക്കലാറ്റിലും ജലനിരപ്പ് ഉയർന്നതോടെ തഴത്തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണം.

കരുനാഗപ്പള്ളി നഗരസഭയിലെ മുപ്പത്തിമൂന്നാം ഡിവിഷനിലാണ് വെള്ളക്കെട്ട് കൂടുതൽ രൂക്ഷമായത്. 3, 29, 30, 32 ഡിവിഷനുകളിലെ എട്ടോളം ഓടകൾ വന്നുചേരുന്നത് പള്ളിക്കൽ പാടശേഖരത്തിലാണ്. ഇവിടെ നിന്ന് പള്ളിക്കൽ തോട് വഴി പശ്ചമതീരകനാലിൽ പതിക്കും. എന്നാൽ,​ തോട് കായലുമായി ചേരുന്ന ഭാഗത്ത് വീതി കുറവായതിനാൽ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നില്ല. ഇതാണ് ഇപ്പോൾ നാട്ടുകാർ നേരിടുന്ന പ്രധാന പ്രശ്നം.

താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിനിൽക്കുന്ന മഴ വെള്ളം ഒഴുക്കി വിടാൻ നഗരസഭാ അധികൃതർ റവന്യു ഉദ്യോഗസ്ഥരുമായി ചേർന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

വറുതിയിൽ ആലപ്പാട്

ശക്തമായ കാറ്റും മഴയും കാരണം മത്സ്യത്തൊഴിലാളി ഗ്രാമമായ ആലപ്പാട് വറുതിയുടെ പിടിയിലായി. ശക്തമായ കടൽ ക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികൾ ജോലിക്ക് പോകുന്നില്ല. കടലിൽ പോകാൻ കഴിയാതായതോടെ ഗ്രാമം മുഴുപട്ടിണിയിലുമായി.

നിത്യോപയോഗ സാധനങ്ങളുടേയും പച്ചക്കറിയുടെയും വില എല്ലാ സീമകളും ലംഘിച്ച് കുതിച്ചുയരുകയാണ്. അരിയും സാധനങ്ങളും വാങ്ങാൻ മത്സ്യത്തൊഴിലാളികളുടെ കൈയിൽ കാശില്ല. കടലിൽ പോയാൽ മാത്രമേ

അടുപ്പ് പുകയൂ എന്നതാണ് സ്ഥിതി. മാനം തെളിയുന്നതും കാത്ത്

വള്ളങ്ങളും ബോട്ടുകളും തീരത്ത് വിശ്രമിക്കുകയാണ്. മത്സ്യത്തൊഴിലാളി

കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന ആവശ്യം

ഉയരുന്നുണ്ട്.