പരവൂർ: പരവൂരിൽ മുന്നറിയിപ്പില്ലാതെ ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നതിൽ പ്രതിഷേധവുമായി ഓട്ടോത്തൊഴിലാളി യൂണിയനുകൾ. ഓട്ടോറിക്ഷ പാർക്കിംഗിന്റെയും വൺവേ സമ്പ്രദായം നടപ്പാക്കുന്നതിന്റെയും പ്രായോഗിക ബുദ്ധിമുട്ടുകൾ നഗരസഭ ചെയർപേഴ്‌സണെ യൂണിയൻ നേതാക്കൾ അറിയിച്ചു.
ജംഗ്‌ഷനിൽ ഓട്ടോറിക്ഷകൾ ഒരുവശത്ത് മാത്രം പാർക്കുചെയ്യണമെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ല. നിലവിൽ രണ്ടുഭാഗത്തുമാണ് പാർക്കിംഗ്. ഇത് തുടരണമെന്നും റോഡിലേക്ക് കയറ്റി പാർക്കു ചെയ്യുന്നത് ഒഴിവാക്കാൻ വരകളിടണമെന്നുമാണ് തൊഴിലാളികളുടെ നിർദ്ദേശം. ബസ് സ്റ്റാൻഡിൽ കയറാൻ അനുവദിക്കാതെ വൺവേ നടപ്പാക്കിയാൽ ഓട്ടോസ്റ്റാൻഡിലെത്താൻ അധികദൂരം സഞ്ചരിക്കേണ്ടി വരും. കൂടിയാലോചാനകൾക്ക് ശേഷം മാത്രമേ ഗതാഗത പരിഷ്‌കാരം നടപ്പാക്കുകയുള്ളൂവെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് സുരേഷ് ഉണ്ണിത്താൻ, മണികണ്ഠൻപിള്ള, മാങ്കുളം രാജേഷ് എന്നിവർ പങ്കെടുത്തു