കൊല്ലം: കല്ലുപാലം ലക്ഷ്മിനട റോഡരികിലെ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം പതിവായതോടെ വ്യാപാരികൾ ദുരിതത്തിലായി. ചാക്കിൽ കെട്ടിയും ചെറിയ പ്ലാസ്റ്റിക് കവറുകളിലുമാണ് മാലിന്യം തള്ളുന്നത്.
രാവിലെ കട തുറക്കാൻ എത്തുമ്പോൾ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ളവ നീക്കം ചെയ്യേണ്ട ഗതികേടിലാണ് വ്യാപാരികൾ. കോർപ്പറേഷനിൽ പരാതി നൽകി 3 ആഴ്ച കഴിഞ്ഞിട്ടും നടപടി ഒന്നുമുണ്ടായില്ല. ലക്ഷ്മിനടയിൽ രാവിലെ 8 മുതൽ രാത്രി 10 വരെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നതെന്ന് വ്യാപാരികൾ പറയുന്നു. കടകളിലും സമീപത്തെ വീടുകളിലും സി.സി.ടി.വി കാമറകൾ ഇല്ലാത്തതിനാൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കഴിയുന്നില്ല. ഭക്ഷ്യ വസ്തുക്കളും ചീഞ്ഞ പഴങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മഴയിൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ട്.