photo
പുത്തൂർ വല്ലഭൻകര തോട്

കൊട്ടാരക്കര: വല്ലഭൻകര തോടിന്റെ നീരൊഴുക്കിന് തടസമാകുന്ന മൺതിട്ടകൾ നീക്കം ചെയ്തില്ല. മഴക്കാലം തുടങ്ങിയതോടെ തോട് കരകവിഞ്ഞൊഴുകാൻ തുടങ്ങി. സംരക്ഷണ ഭിത്തികളും തകർന്നു. തോടിന്റെ സ്വാഭാവിക നീരൊഴുക്കിന് സംവിധാനമൊരുക്കിയില്ലെങ്കിൽ കൂടുതൽ ദുരിതങ്ങൾക്കിടയാക്കും. വർഷങ്ങളായി മണ്ണ് അടിഞ്ഞുകൂടി തോടിന്റെ ഒത്ത നടുക്കായി തിട്ട രൂപപ്പെട്ടിരിക്കുകയാണ്. വേനൽക്കാലത്ത് ഇത് കോരി മാറ്റി തോട് വൃത്തിയാക്കണമെന്ന ആവശ്യമുയർന്നിട്ടും അധികൃതർ അനങ്ങിയില്ല. കുറ്റിക്കാടുകൾ വളർന്നതിനൊപ്പം വേരിറങ്ങി മണ്ണ് ഉറച്ചിരിക്കുകയാണ്. വെള്ളം ശക്തമായി ഒഴുകിവന്നാലും ഇവിടുത്തെ മണ്ണ് നീങ്ങുകയില്ല.

തോടിനെ മറന്ന് നെടുവത്തൂർ പഞ്ചായത്ത്

നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഭാഗത്താണ് തോടിന്റെ ദുസ്ഥിതി. പുത്തൂർ- ചീരങ്കാവ് റോഡിലുള്ള വല്ലഭൻകര പാലത്തിന്റെ മറുവശം പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നതാണ്. ഇവിടം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു. എന്നാൽ നെടുവത്തൂർ പഞ്ചായത്ത് അധികൃതർ വല്ലഭൻകര തോടിനെ മറന്നു. ഇനി ഞാനൊഴുകട്ടെ പദ്ധതിയടക്കം തോട് സംരക്ഷണത്തിനും മറ്റും നിരവധി പദ്ധതികൾ നിലവിലുണ്ട്. നെടുവത്തൂർ പഞ്ചായത്ത് നെടുവത്തൂരിൽ നിന്നാണ് തോട് സംരക്ഷണ പദ്ധതികളുടെ ഭാഗമായി പുഴനടത്തം തുടങ്ങിയത്. അപ്പോഴും വല്ലഭൻകര തോടിനെ അവഗണിച്ചു. ആനക്കോട്ടൂരിൽ നിന്ന് തുടങ്ങി വല്ലഭൻകര വഴി ചെറുപൊയ്കയിലെത്തി കല്ലടയാറ്റിൽ ചേരുന്നതാണ് തോട്.

സംരക്ഷണമില്ലാതെ തോട്

വർഷങ്ങളായി വല്ലഭൻകര തോടിന് സംരക്ഷണ പദ്ധതികളില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് വശങ്ങളിൽ ചിലയിടത്തൊക്കെ സംരക്ഷണ ഭിത്തി കെട്ടിയതൊഴിച്ചാൽ പിന്നീട് അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. 2019ൽ തോട് സംരക്ഷണത്തിന് നാല് ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും വേണ്ടത്ര സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഇത് പ്രയോജനപ്പെട്ടില്ല. റോഡിൽ നിന്ന് തോട്ടിലേക്ക് ഇറങ്ങാൻ വഴിയുണ്ടായിരുന്നത് ഇപ്പോൾ കാണാനേയില്ല.

കഴിഞ്ഞ പെരുമഴക്കാലത്ത്

കഴിഞ്ഞവർഷം പെരുമഴ പെയ്തപ്പോൾ തോട് കരകവിഞ്ഞൊഴുകിയിരുന്നു. ഏലാകളിലും വീടുകളിലുമൊക്കെ വെള്ളം കയറിയതുമൊക്കെ ഭീതിയോടെയാണ് നാട്ടുകാർ ഓർക്കുന്നത്. ഇക്കുറിയും മഴക്കാലം തുടങ്ങിയതോടെ തോട്ടിൽ വെള്ളം ഉയരരുതേയെന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ. അടിയന്തരമായി മണൽത്തിട്ടകൾ നീക്കം ചെയ്ത് വെള്ളം ശരിയായി ഒഴുകാൻ സംവിധാനമൊരുക്കണമെന്നാണ് പൊതു ആവശ്യം.