കൊല്ലം: പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മകൻ പൊലീസ് പിടിയിൽ. ചാത്തന്നൂർ മാമ്പള്ളിക്കുന്നം ശാരദ ഭവനിൽ ക്ലിബിയാണ് (42) പിടിയിലായത്.
ക്ലിബിയുടെ പിതാവ് ചാത്തന്നൂർ ഊറാംവിളയിൽ നടത്തുന്ന സ്ഥാപനത്തിൽ 10 വർഷമായി ജോലി ചെയ്യുന്ന 45കാരിയാണ് കൊലപാതക ശ്രമത്തിന് ഇരയായത്. സ്ഥാപനത്തിന്റെ നടത്തിപ്പും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ഇവരായിരുന്നു. ഇവിടെ പിതാവിനെ സഹായിക്കാൻ നിന്ന പ്രതിക്ക് ഇവർ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിരോധമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്നാലെയെത്തി ക്ളിബി കൊടുവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊറാംവിളയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.