photo
കല്ലടയാറ്റിലെ മൺറോത്തുരുത്തിൽ സഞ്ചാരികളെ കാത്തുകിടക്കുന്ന വള്ളം

കൊല്ലം: വേനലവധിക്കാലത്ത് സജീവമായ മൺ​റോത്തുരുത്തിലെ ടൂറി​സം മേഖലയെ മഴ ചതി​ക്കുന്നു. കൊവി​ഡി​ന് മുമ്പ് ജി​ല്ലയി​ലെ പ്രധാന ടൂറി​സം കേന്ദ്രമായ മൺ​റോത്തുരുത്ത് രോഗ വ്യാപനകാലത്ത് ഒറ്റപ്പെട്ടു. ഇതി​നൊരു മാറ്റമുണ്ടായി​ വരുന്നതി​നി​ടെയാണ് മഴ വഴി​മുടക്കുന്നത്.

തമിഴ്നാട്ടി​ൽ നി​ന്നുള്ള സഞ്ചാരി​കൾ കൂട്ടമായി എത്താൻ തുടങ്ങിയതോടെ വള്ളക്കാരെല്ലാം ഉഷാറായിരുന്നു. ചെറു റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം തുറന്നു. ജില്ലയി​ലും പുറത്തുള്ളവരും കൂടി​ ഒഴുകി​യെത്തി​യതോടെ മൺറോത്തുരുത്തിൽ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. എന്നാൽ ഒരാഴ്ച പെയ്ത പെരുമഴ സ്ഥിതി മോശമാക്കി​. ടൂറിസം മേഖല ഉണർന്ന പ്രതീക്ഷയിൽ കൂടുതൽ ജീവനക്കാരെ ഉപയോഗിച്ച് തുറന്ന റിസോർട്ടുകളും ഹോട്ടലുകളും പ്രതിസന്ധിയിലായി. കാഴ്ച കാണാൻ മാത്രമായിരുന്നില്ല, കൊഞ്ചും കരിമീനും കക്കയിറച്ചിയുമൊക്കെ ആസ്വദിച്ച് കഴിക്കാനും സഞ്ചാരികൾ മത്സരിച്ചിരുന്നു. വള്ളങ്ങളിൽ രാവിലെ മുതൽ വൈകിട്ടുവരെ സഞ്ചാരികളെ കാത്തുകിടക്കുന്നവർ നി​രാശരാവുകയാണ്.

# സുന്ദര കാഴ്ചകളേറെ

കല്ലടയാറ്റിൽ നിന്ന് തുടങ്ങി കൈവഴികളിലേക്ക് തിരിഞ്ഞ് നടപ്പാലങ്ങളിൽ തലമുട്ടാതെ കുനിഞ്ഞും നിവർന്നുമൊക്കെയുള്ള യാത്ര രസാനുഭവമാണ്. കാരൂത്ര കടവിൽ നിന്ന് മണക്കടവിലേക്കുള്ള യാത്രയിൽ പത്തിലധികം നടപ്പാലങ്ങളുണ്ട്. പാലമെത്തുമ്പോൾ തലകുനിച്ചുകൊടുക്കണം. കണ്ടൽ കാടുകൾക്കിടയിലൂടെയാണ് അവസാന ഭാഗം യാത്ര. കണ്ടൽ ഗുഹയും കൗതുകമാണ്. കല്ലയാറ്റിൽ വലിയ ബോട്ടുകൾ ഓടുമെങ്കിലും ചെറുതോടുകളിലൂടെ വള്ളങ്ങൾ മാത്രമാണ് പോവുക.

 നൂറോളം നാടൻ വള്ളങ്ങൾ, കെട്ടുവള്ളങ്ങൾ, പെഡൽ ബോട്ടുകൾ

 സഞ്ചാര അനുമതി രാവിലെ 8 മുതൽ 5 വരെ

 രാത്രി 7 വരെയൊക്കെ വള്ളങ്ങൾ ഇറക്കാറുണ്ട്

 ഒരു വള്ളത്തിൽ 6 പേരെയേ കയറ്റാവൂ (8 പേരെ വരെ കയറ്റുന്നുണ്ട്)

 നിരക്ക് മണിക്കൂറിന് 500 രൂപ

 മുഴുവൻ കാഴ്ചകളും കാണാൻ 3 മണിക്കൂർ വേണം

രാവിലെ മുതൽ കാത്തുകിടന്നാൽ ഒന്നോ രണ്ടോ കൂട്ടർ വന്നെങ്കിലായി. മഴയുണ്ടെങ്കിൽ വള്ളത്തിൽ പോകാനും കഴിയില്ല. ഈ ദുരിതകാലം മാറണെയെന്ന പ്രാർത്ഥനയിലാണ്

വള്ളത്തൊഴിലാളികൾ