mosh

 സ്വർണം കണ്ടിട്ടും കണ്ണ് മഞ്ഞളിക്കാതെ കള്ളൻ

കൊല്ലം: ചിന്നക്കട- വടയാറ്റുകോട്ട റോഡിൽ ഉണ്ണിച്ചെക്കം വീട് ക്ഷേത്രത്തിന് സമീപമുള്ള എ.വി.എം ജൂവലറിയിൽ നിന്ന് 6 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ആകെ 12 പവനോളം ഉണ്ടായിരുന്നെങ്കിലും പകുതി മാത്രമാണെടുത്തത്.

വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം. ജൂവലറിയുടെ പിൻഭാഗത്തെ ഓടിളക്കിയ ശേഷം തൊട്ടുതാഴെയുള്ള ഷീറ്റ് തകർത്ത് ജൂവലറിയുടെ പണിശാലയിലാണ് ആദ്യം മോഷ്ടാവ് ഇറങ്ങിയത്. അവിടെ നിന്ന് ഷോറൂമിന്റെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന മോതിരം, കമ്മൽ എന്നിവയാണ് കവർന്നത്. കൂടുതൽ സ്വർണം ഉണ്ടായിരുന്നെങ്കിലും എടുത്തില്ല. രാത്രിയിൽ ശക്തമായ മഴയായതിനാൽ പിൻഭാഗത്തെ വീട്ടുകാർ ശബ്ദം കേട്ടില്ല.

നിരീക്ഷണ കാമറ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിച്ചിരുന്നില്ല. വില്പനയ്ക്ക് കൂടുതൽ സ്വർണം ഉണ്ടായിരുന്നെങ്കിലും കുറച്ച് മാത്രം കൗണ്ടറിൽ സൂക്ഷിച്ച ശേഷം ബാക്കി ഉടമ വീട്ടിൽ കൊണ്ടുപോയിരുന്നു. പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.