
കൊല്ലം: അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന അച്ചടി കടലാസിന്റെയും അനുബന്ധ സാമഗ്രികളുടെയും വില നിയന്ത്രിക്കുക, കടലാസ് ലഭ്യത ഉറപ്പാക്കുക, ജി.എസ്.ടി നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ധർണ നടത്തി.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. താലൂക്ക് കച്ചേരി ജംഗ്ഷനിൽ നിന്ന് ചിന്നക്കടയിലേയ്ക്ക് പ്രകടനവും നടത്തി.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അച്ചടി വ്യവസായം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡി.എസ്.സജീവ് അദ്ധ്യക്ഷനായി. അസോ. സംസ്ഥാന സെക്രട്ടറി ജി.എസ്. ഇന്ദുലാൽ വിഷയാവതരണം നടത്തി. കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രിസഡന്റ് എ.നിസാറുദ്ദീൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജി.ദേവരാജൻ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എം.അൻസാരി, കോർപ്പറേഷൻ കൗൺസിലർമാരായ ടി.ജി.ഗിരീഷ്, ടോമി, സി.പി.എം അഞ്ചാലുംമൂട് ഏരിയാ സെക്രട്ടറി കെ.ജി.ബിജു, ജില്ലാ സെക്രട്ടറി പി.നെപ്പോളിയൻ ജോ.സെക്രട്ടറി എം.സാജൻ തുടങ്ങിയവർ സംസാരിച്ചു.