memu

 വൈദ്യുതീകരണം പൂർത്തിയായി

കൊല്ലം: വൈദ്യുതീകരണം പൂർത്തിയായ കൊല്ലം- പുനലൂർ റെയിൽപാതയിൽ 30ന് മെമു സർവീസ് ആരംഭിക്കും.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിറുത്തിവച്ച പുനലൂർ- കൊല്ലം പാസഞ്ചർ ട്രെയി​നാണ് മെമു സർവീസായി ഓടിത്തുടങ്ങുന്നത്.

തീയതിയും സ്റ്റോപ്പുകളും സമയവും നിശ്ചയിച്ചു കൊണ്ടുളള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 2017ൽ അനുമതി ലഭിച്ച്, 2020 പകുതിയോടെ ആരംഭിച്ചതാണ് കൊല്ലം - പുനലൂർ പാതയുടെ വൈദ്യുതീകരണം. കഴിഞ്ഞ ഏപ്രിലിൽ വൈദ്യുതി എൻജിന്റെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയെങ്കിലും ഏതാനും ജോലികൾ കൂടി പൂർത്തിയാകാനുണ്ടായിരുന്നു. 44 കിലോമീറ്റർ വരുന്ന പാതയുടെ വിവിധ സെക്ഷനുകളിലായി ഏഴു കിലോമീറ്ററിലെ ജോലികളാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. സ്വിച്ചിംഗ് സ്റ്റേഷനുകളുടെ വൈദ്യുതീകരണം, മരങ്ങൾ മുറിച്ചു നീക്കൽ എന്നിവയും അവശേഷിച്ചിരുന്നു. ഇവ പൂർത്തിയാക്കി ടവർ കാറിലുളള ലൈൻ പരിശോധനകൾ കൂടി നടത്തേണ്ടതുണ്ട്.

 കെ.എസ്.ഇ.ബി ഉഴപ്പുന്നു

പുനലൂരിൽ 110 കെ.വി സബ് സ്റ്റേഷൻ സ്ഥാപിച്ച് പാതയിൽ വൈദ്യുതി ലഭ്യമാക്കാൻ പദ്ധതിയിട്ടെങ്കിലും കെ.എസ്.ഇ.ബിയുടെ മെല്ലപ്പോക്ക് കാരണം ജോലികൾ പൂർത്തിയായില്ല. പെരിനാട് സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതി ലഭ്യമാക്കിയാണ് മെമു ഓടിക്കുക. രാവിലെ പുനലൂരിൽ നിന്ന് കൊല്ലത്തിനും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സഹായകരമാണ് സർവീസ്.

..............................

 കരാർ തുക 61.32 കോടി

 കരാറുകാർ വിക്രാൻ എൻജിനീയറിംഗ് ആൻഡ് എക്ലിം പ്രൈവറ്റ് ലിമിറ്റഡ്

 2023 മാർച്ചിന് മുമ്പ് ജോലികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശം

 9 തുരങ്കങ്ങളിലെ വയറിംഗ് ജോലികൾക്ക് കരാർ ക്ഷണിച്ചു

 പ്രതീക്ഷിക്കുന്ന ചെലവ് 1.65 കോടി