പടിഞ്ഞാറേകല്ലട : മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിനായി കാത്തിരിക്കുകയാണ്. പ്ളാറ്റ് ഫോമിന്റെ ഉയരക്കുറവും അധികൃതരുടെ അനാസ്ഥയും കാരണം കാടുനിറഞ്ഞ പ്ളാറ്റ് ഫോമുകളുമൊക്കെ ഈ സ്റ്റേഷന്റെ അസൗകര്യങ്ങളുടെ പട്ടികയിൽ ചിലത് മാത്രം. പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കോതപുരം കൈത്തോട് വാർഡിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ. പടിഞ്ഞാറെക്കലടക്കാർ കടത്ത് വള്ളത്തിലും ജങ്കാർ സർവീസിലും കയറിയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നത്. നിലവിൽ വടക്കോട്ട് നാല് ട്രെയിനുകൾക്കും തെക്കോട്ട് അഞ്ച് ട്രെയിനുകൾക്കുമാണ് ഇവിടെ സ്റ്റോപ്പുള്ളത്. കൊവിഡ് വന്നതോടെയാണ് ട്രെയിൻ സ്റ്റോപ്പുകൾ കുറഞ്ഞത്. മുമ്പ് തിരക്കേറെയുണ്ടായിരുന്ന ഇവിടെയിപ്പോൾ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു.
ഉപഗ്രഹ സ്റ്റേഷനാക്കണം
ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച റെയിൽവേ ഹാൾട്ട് സ്റ്റേഷൻ ഇന്നും അങ്ങനെ തുടരുന്നു.ടൂറിസം വില്ലേജിലുള്ള ഈ ഹാൾട്ട് സ്റ്റേഷൻ ഒരു ഉപഗ്രഹ സ്റ്റേഷനാക്കി ഉയർത്തണമെന്നാണ് കല്ലടയിലെയും മൺട്രോത്തുരുത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ആവശ്യം.
റെയിൽവേ സ്റ്റേഷൻ നവീകരണത്തിനായി കേന്ദ്രസർക്കാരിൽ നിന്ന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.നിലവിലെ ഒന്നാം പ്ലാറ്റ്ഫോമിന്റെ അതേ ഉയരത്തിൽ രണ്ടാം പ്ലാറ്റ് ഫോമും ഉയരം കൂട്ടി നിർമ്മിക്കും.ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ നീളം വർദ്ധിപ്പിച്ച് കൂടുതൽ കോച്ചുകളുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുവാനുള്ള നടപടി സ്വീകരിക്കും. ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കും.
കൊടിക്കുന്നിൽ സുരേഷ് എം.പി
മാവേലിക്കര മണ്ഡലം
മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥയിൽ ഏറെ പരിതപിക്കുന്നു. അധികൃതർ ഇടപെട്ട് മാറ്റം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.
പ്രൊഫ.സരോജ ദേവി,
നാലു തെങ്ങിൽ വീട് , പടിഞ്ഞാറേകല്ലട