കൊല്ലം: സർക്കാരിന്റെ വിവിധ പദ്ധതികൾക്കായി റോഡിലെടുക്കുന്ന കുഴികൾ നികത്താത്തത് മരണക്കെണിയൊരുക്കുന്നു. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവായി.
ഞാങ്കടവ് പദ്ധതിക്കായും കെ.എസ്.ഇ.ബി കേബിളുകൾക്കു വേണ്ടിയുമുള്ള കുഴികളാണ് യാത്രക്കാർക്ക് വിനയാകുന്നത്. കഴിഞ്ഞദിവസം പള്ളിമുക്കിൽ കേബിൾ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് ബസിനടിയിൽ പെട്ട് രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. തട്ടാമല മുതൽ ചിന്നക്കടയ്ക്കു സമീപം വരെ റോഡിൽ കുഴിയെടുത്ത് കെ.എസ്.ഇ.ബി കേബിളുകൾ സ്ഥാപിച്ചു. കുഴി മണ്ണിട്ട് നികത്തിയെങ്കിലും തുടർച്ചയായ മഴ കാരണം മണ്ണിരുന്ന് പല സ്ഥലങ്ങളിലും കുഴികൾ രൂപപ്പെട്ടു. പ്രധാന ജംഗ്ഷനുകളിൽ കേബിളുകൾ ബന്ധിപ്പിക്കാൻ വലിയ കുഴികൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകാത്തതിനാൽ നികത്തിയിട്ടില്ല. പലേടത്തും കുഴികൾക്ക് ചുറ്റും വേലികൾ സ്ഥാപിച്ച് സംരക്ഷണം ഒരുക്കിട്ടുണ്ടെങ്കിലും സുരക്ഷിതമല്ല. മഴവെളളം നിറഞ്ഞ് റോഡും കുഴിയും തിരിച്ചറിയാനാവാതെ വരുന്നതും അപകടങ്ങൾ വർദ്ധിപ്പിക്കുന്നു.
റോഡ് കുളമാക്കി ഞാങ്കടവ്
ഞാങ്കടവ് പദ്ധതിക്കായി എടുത്ത കുഴികളും അപകടങ്ങൾക്കിടയാക്കുന്നു. കോർപ്പറേഷൻ ഓഫീസിന് സമീപം റോഡിന്റെ മദ്ധ്യത്തിൽ എടുത്ത കുഴിയിൽ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ മറിഞ്ഞു. നഗരത്തിൽ കർബല, ക്യു.എ.സി റോഡ്, ഡി.സി.സി ഓഫീസ്–ടി.ടി.ഐ റോഡ്, താമരക്കുളം, ചാമക്കട, ലക്ഷ്മിനട, ആൽത്തറമൂട്, അമ്മച്ചിവീട്- കളക്ടറേറ്റ് ജംഗ് ഷൻ തുടങ്ങിയ റോഡുകളിലെല്ലാം പൈപ്പിടാനുള്ള കുഴികൾ നിറഞ്ഞിരിക്കുകയാണ്. കളക്ടറേറ്റിലും കോടതികളിലുമെത്താൻ നിരവധിപേർ ആശ്രയിക്കുന്ന അമ്മച്ചിവീട്-കളക്ടറേറ്റ് റോഡ് പൂർണമായും തകർന്നു. അമ്മച്ചിവീട് ജംഗ്ഷൻ, ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മുൻവശം, ടി.എം.വർഗീസ് ഹാളിനു മുൻവശം എന്നിവിടങ്ങളിലെല്ലാം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടും.
.............................
വീതികുറഞ്ഞ റോഡും വാഹനപ്പെരുപ്പവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് മറ്റൊരു ദുരിതമാണ് കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും നൽകുന്നത്. ആവശ്യം കഴിഞ്ഞാൽ കുഴി മൂടി ടാർ ചെയ്ത് റോഡിനെ പഴയ അവസ്ഥയിലാക്കാൻ ഇവർ തയ്യാറാവുന്നില്ല. കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്
അബു താഹിർ, പള്ളിമുക്ക്