
കൊല്ലം: ഇന്ധനവില സംസ്ഥാനം കുറച്ചുവെന്നുള്ള ധനകാര്യ മന്ത്രിയുടെ അവകാശവാദം പരിഹാസ്യമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേന്ദ്ര സർക്കാർ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുമ്പോൾ നികുതി ചുമത്തുന്ന തുകയിലും കുറവ് വരും. നിലവിലെ നിയമപ്രകാരം അതിൽ കൂടുതൽ നികുതി ഈടാക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചതിലൂടെ സ്വാഭാവികമായി സംസ്ഥാനത്ത് ഉണ്ടായ ഇന്ധന വിലക്കുറവിനെ സംസ്ഥാന സർക്കാരിന്റെ സൗജന്യമായി വ്യാഖ്യാനിക്കുന്നത് വഞ്ചനാപരമാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇന്ധന നികുതി ശതമാനം കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു.