
കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിലെ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണ പദ്ധതി ചവിട്ടിപ്പിടിച്ച് പൊതുമരാമത്ത് വകുപ്പിലെ ദേശീയപാത വിഭാഗം. ഇവിടെ മേല്പാലം നിർമ്മിക്കാനുള്ള എൻ.ഒ.സിക്കായി ആറുമാസം മുമ്പ് നൽകിയ അപേക്ഷയിൽ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
എസ്.എൻ കോളേജ് റെയിൽവേ ഓവർബ്രിഡ്ജിന്റെ രൂപരേഖയിൽ റെയിൽപാതയ്ക്ക് മുകളിൽ വരുന്ന ഭാഗത്തിന്റെ പരിഷ്കരിച്ച ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് കഴിഞ്ഞവർഷം ആഗസ്റ്റിൽ നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ അംഗീകാരത്തിനായി റെയിൽവേയ്ക്ക് നൽകിയിരുന്നു. ഓവർബ്രിഡ്ജ് മേവറം- ചിന്നക്കട -കാവനാട് പാത മുറിച്ചുകടക്കുന്നതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സി കൂടി വാങ്ങാൻ റെയിൽവേ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം നവംബറിൽ അപേക്ഷ നൽകി. പക്ഷെ ഫയലിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
റെയിൽവേയിലെ എസ്.എൻ കോളേജ് ജംഗ്ഷൻ മേല്പാലത്തിന്റെ കാര്യത്തിൽ സമാനമായ ചവിട്ടിപ്പിടുത്തം നടക്കുന്നുണ്ട്. റെയിൽവേ ഓവർബ്രിഡ്ജുകളിൽ റെയിൽവേ പാളത്തിന് മുകളിലുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റെയിൽവേയുടെ പ്രത്യേക അനുമതി വാങ്ങണം. ഇതിനായി റെയിൽ പാളത്തിന് മുകളിൽ വരുന്ന ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് സമർപ്പിച്ചാണ് അംഗീകാരം വാങ്ങുന്നത്.
മറ്റ് ഓവർബ്രിഡ്ജുകളിൽ നിന്ന് വ്യത്യസ്തമായി നാലുതവണ റെയിൽവേ ഭേദഗതികൾ ആവശ്യപ്പെട്ട് ജി.എ.ഡി മടക്കി അയയ്ക്കുകയായിരുന്നു. നിർദ്ദേശിക്കുന്ന ഭേദഗതികൾ സഹിതം സമർപ്പിക്കുന്ന ജി.എ.ഡി മാസങ്ങളോളം ചവിട്ടിപ്പിടിച്ച് വച്ച ശേഷമാണ് മടക്കി അയയ്ക്കുന്നത്.
പരിഷ്‌കരിച്ചിട്ടും പാലത്തിന് അനുമതിയില്ല
കോളേജ് ജംഗ്ഷനിലെ ഇംഗ്ലീഷ് പള്ളിക്ക് മുന്നിൽ നിന്ന് തുടക്കം
ചാപ്റ്റർ കോളേജിന് മുന്നിലെ വളവിൽ അവസാനിക്കും
നിർമ്മാണം അപ്രോച്ച് റോഡ് സഹിതം
1.5 മീറ്റർ വീതിയിൽ നടപ്പാത സഹിതം 10.2 മീറ്റർ വീതി
7.5 മീറ്റർ വീതിയിൽ കാര്യേജ് വേ
പാലത്തിന് താഴെ ഇരുവശങ്ങളിലും 5 മീറ്റർ വീതിയിൽ സർവീസ് റോഡ്
മേവറം- കാവനാട് റോഡ് നാലുവരിപ്പാതയാകുന്നത് കണക്കാക്കിയുള്ള രൂപരേഖ
ആകെ നീളം 554.38 മീറ്റർ
ഓവർബ്രിഡ്ജ് നിർമ്മാണം അട്ടിമറിക്കാൻ ഒരുവിഭാഗം നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ അനുമതി വൈകിപ്പിക്കുന്നത്.
ആർ.ബി.ഡി.സി.കെ
നിർവഹണ ഏജൻസി