photo
വി.സി.ദേവദാസ്

കൊല്ലം: ഒറ്റക്കാലുമായി അനാഥാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിലൊതുങ്ങിയ ദേവദാസിന് കൃത്രിമ കാൽ ലഭിച്ചതിന്റെ സന്തോഷത്തിലാണ്. പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ അന്തേവാസിയായ വി.സി.ദേവദാസിന് (58) കടയ്ക്കൽ ചിതറ കെ.പി.കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കിംസ് ഹെൽത്തിന്റെ സഹകരണത്തോടെയാണ് കൃത്രിമ കാൽ ലഭിച്ചത്.

ഫ്ളാഷ് ബാക്

എറണാകുളം നെടുമ്പാശേരി വിരുത്തിയിൽ പരേതരായ ചന്ദ്രൻ-മാധവി ദമ്പതികളുടെ മകനായ ദേവദാസ് 12 വ‌ർഷം സൗദി അറേബ്യയിൽ ട്രക്ക് ഡ്രൈവറായിരുന്നു. നാട്ടിലെത്തി പതിനഞ്ച് വർഷം കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ടോറസ് ലോറിയുടെ ഡ്രൈവറായി. വിവാഹം കഴിഞ്ഞ് മൂന്ന് മക്കളുമായി കുടുംബ ജീവിതം നയിക്കുന്നതിനിടയിൽ 2020 മാർച്ച് 26ന് ഗുരുവായൂരിൽ പോയി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആൽത്തറയിൽ കിടന്നുറങ്ങുമ്പോൾ കാലിൽ എന്തോ കടിച്ചു. കാര്യമാക്കാതെ വീട്ടിലെത്തിയെങ്കിലും രണ്ട് ദിനം കഴിഞ്ഞപ്പോൾ ഇടത് കാൽ നീലിച്ച് നീരുവച്ചു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആദ്യം മൂന്ന് വിരലുകൾ മുറിച്ചുനീക്കി. ഏപ്രിൽ ആറിന് ഇടത് കാൽ പൂർണമായും മുറിച്ച് നീക്കേണ്ടിവന്നു. കരുനാഗപ്പള്ളിയിൽ ഉണ്ടായിരുന്ന കിടപ്പാടം വിറ്റു. വാടക വീട്ടിലേക്ക് താമസം മാറി. അതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചു. ഒറ്റപ്പെട്ടുപോയ ദേവദാസിനെ സാമൂഹ്യപ്രവർത്തകനായ സന്തോഷ് തൊടിയൂരാണ് പത്തനാപുരം ഗാന്ധിഭവനിലും അവിടെ നിന്ന് സായന്തനത്തിലും എത്തിച്ചത്.

ഇനി നടന്നുശീലിക്കണം

ഒറ്റക്കാലുമായി കഴിഞ്ഞിരുന്ന ദേവദാസ് പുതിയ കാൽ ലഭിച്ചതോടെ സായന്തനത്തിന്റെ അകത്തും പുറത്തുമായി നടന്നുശീലിക്കുകയാണ്. ഇന്നലെ സായന്തനത്തിൽ നടന്ന കൃത്രിമ കാൽനൽകൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, കെ.പി.കരുണാകരൻ ഫൗണ്ടേഷന്റെ ചെയർമാൻ എ.എസ്.ഇക്ബാൽ, സെക്രട്ടറി അനിൽ ആഴാവീട്, ഉപഭാരവാഹികളായ ജി.വാസുദേവ്, ഡി.ദിലീപ്, ഡി.അനിൽകുമാർ, ബി.ആര്യശൃംഗൻ, കെ.ഹരികുമാർ, എം.മൺസൂർ, സായന്തനം ഡയറക്ടർ സി.ശിശുപാലൻ, ചീഫ് മാനേജർ ജി.രവീന്ദ്രൻപിള്ള, കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ എന്നിവർ പങ്കെടുത്തു.