market
market

ചടയമംഗലം: അടിസ്ഥാന വികസനം പോലുമില്ലാതെ ചിതറ കിഴക്കുംഭാഗം ചന്ത തകർച്ചയിൽ. ഹൈടെക് വികസനമൊക്കെ സ്വപ്നമായി തുടരുന്നു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടങ്ങൾ നശിക്കാൻ തുടങ്ങിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല. ചിതറ ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള ചന്തയ്ക്കാണ് ഈ ദുർഗതി. മണ്ഡലത്തിൽ ഒരു മന്ത്രിയുണ്ടാട്ടും ചിതറ ചന്തയുടെ ദുർഗതി മാറാത്തതിൽ നാട്ടുകാരും നിരാശയിലാണ്. ചന്തയിലെ സ്റ്റാളുകൾക്കായി നിർമ്മിച്ച കെട്ടിടങ്ങളാണ് കാടുകയറി നശിക്കുന്നത്. മത്സ്യ വിപണനത്തിനടക്കം വേണ്ടത്ര വൃത്തിയും വെടിപ്പുമുള്ള സൗകര്യങ്ങളില്ല. ചന്തയിലെയും പരിസരത്തെയും മാലിന്യങ്ങൾ ശരിയായ വിധത്തിൽ സംസ്കരിക്കാൻ സംവിധാനമില്ല.

വേണ്ടുവോളം സ്ഥലമുണ്ട് പക്ഷേ,

ചിതറ കിഴക്കുംഭാഗം ചന്തയ്ക്ക് വികസനത്തിന് വലിയ സാദ്ധ്യതകളാണുള്ളത്. വേണ്ടുവോളം സ്ഥലം ഉള്ളതിനാൽ പുതിയ കെട്ടിടങ്ങളും സ്റ്റാളുകളും നിർമ്മിക്കുകയും അടുക്കും ചിട്ടയും വരുത്തുകയുമാണ് വേണ്ടത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം വൈദ്യുതി സെക്ഷന്റെ ആവശ്യത്തിന് വയറും കമ്പിയും മറ്റും സൂക്ഷിക്കാൻ നേരത്തെ നൽകിയിരുന്നു. വൈദ്യുതി സെക്ഷൻ ഓഫീസ് മാറിയപ്പോൾ കെട്ടിടം ഒഴിഞ്ഞുവെങ്കിലും ഇത് ലേലംചെയ്ത് നൽകാൻ പഞ്ചായത്ത് തയ്യാറായില്ല. കെട്ടിടം നശിക്കാനും തുടങ്ങി. മെച്ചപ്പെട്ട സൗകര്യങ്ങളോടെ ചന്ത പ്രവർത്തിപ്പിച്ചാൽ വലിയതോതിൽ ആളുകളെത്തുമെന്ന് ജനപ്രതിനിധികൾക്കെല്ലാമറിയാം. എന്നാൽ ആരും മുൻകൈയെടുക്കുന്നില്ല.