murder
കൊല്ലപ്പെട്ട തിലജൻ

ഓയൂർ: പൂയപ്പള്ളി മരുതമൺപള്ളിയിൽ അയൽവാസിയും ബന്ധുവുമായ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. മരുതമൺപള്ളി ആമ്പാടിയിൽ തിലജനാണ് (44) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപതോടെ മരുതമൺപള്ളി ജംഗ്ഷനിലായിരുന്നു സംഭവം.

മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സേതുരാജിനെതിരെ (55) പൂയപ്പള്ളി പൊലീസ് കേസെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ജംഗ്ഷനിൽ നിൽക്കുകയായിരുന്ന തിലജനെ മാരകായുധവുമായെത്തിയ സേതുരാജ് കടയ്ക്ക് സമീപം വച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് കൈപ്പത്തി റോഡിലേയ്ക്ക് അറ്റുവീണ തിലജൻ ഓടി റോഡിന് മറുവശത്തുള്ള മാർജിൻ ഫ്രീ മാർക്കറ്റിൽ കയറിയെങ്കിലും പിന്നാലെയെത്തിയ സേതുരാജ് കടയ്ക്കുള്ളിലിട്ട് തിലജനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസ് തിലജനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വഴിത്തർക്കവുമായി ബന്ധപ്പെട്ട് തിലജനും സഹോദരന്മാരുമായി സേതുരാജ് നേരത്തേ വീടുകയറി അക്രമവും പരസ്പരം വെട്ടും നടത്തിയിരുന്നു. ഇരുകൂട്ടരും കേസ് സംബന്ധിച്ച് ജാമ്യത്തിലായിരുന്നു. കൊല്ലപ്പെട്ട തിലജന്റ സഹോദരൻ ജലജനെ ഒരുവർഷം മുമ്പ് സേതുതാജ് മരുതമൺപള്ളി ജംഗ്ഷനിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായി ജലജനും തിലജനും ക്വട്ടേഷൻ സംഘവുമായെത്തി കഴിഞ്ഞ ഒക്ടോബറിൽ സേതുരാജിനെ വീടുകയറി ആക്രമിച്ചിരുന്നു. ഈ കേസിൽ തിലജനെയും ജലജനെയും മറ്റ് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഭവം. പ്രതി സേതുരാജ് ഒളിവിലാണ്.