വൈദ്യുതി ലൈൻ നീക്കം ചെയ്യുന്നതിന് വൈദ്യുതി വകുപ്പിന്
നാഷണൽ ഹൈവേ അതോറിറ്റി
20 കോടിരൂപ നഷ്ടപരിഹാരം നൽകി
കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്റെ പ്രവർത്തനങ്ങൾ കരുനാഗപ്പള്ളിയിൽ ദ്രുതഗതിയിലാകുന്നു. സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ച് നീക്കുകയാണ്. അത്യാധുനിക ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിലുള്ള ദേശീയപാതയുടെ വശങ്ങളിലുള്ള മരങ്ങൾ മുറിച്ച് നീക്കിയ ശേഷം ഭൂമി നിരപ്പാക്കി തുടങ്ങി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള മരങ്ങളാണ് ഇനി മുറിച്ച് മാറ്റാനുള്ളത്. രണ്ട് ദിവസത്തിനുള്ളിൽ അതും മുറിച്ച് നീക്കും. വൈദ്യുതി ലൈൻ മാറ്രലാണ് അടുത്ത ഘട്ടം.
പഴയ ലൈനുകൾ നീക്കം ചെയ്യും
മരം മുറിപ്പ് പൂർത്തിയായി കഴിഞ്ഞാൽ ദേശീയപാതയോരത്തുള്ള വൈദ്യുതി ലൈനുകൾ നീക്കം ചെയ്യുന്ന പണികൾ ആരംഭിക്കും. പഴയ ലൈനുകൾ നീക്കം ചെയ്യുന്നതോടെ പുതിയ വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് തുടർന്ന് നടത്തുന്നത്. കൃഷ്ണപുരം മുതൽ തെക്കോട്ട് കാവനാട് വരെ 24 കിലോമീറ്റർ നീളത്തിലുള്ള വൈദ്യുതി ലൈനുകളാണ് നീക്കുന്നത്. ഈ ഭാഗത്തെ ഒരു സോണായി തിരിച്ചിരിക്കുകയാണ്. ഓച്ചിറ, പുതിയകാവ്, കരുനാഗപ്പള്ളി, പന്മന, ചവറ എന്നീ സെക്ഷൻ ഓഫീസുകൾ ദേശീയപാതയുടെ പരിധിയിൽ വരും. നിലവിലുള്ള വൈദ്യുതി ലൈനും കോൺക്രീറ്റ് പോസ്റ്റുകളും നീക്കം ചെയ്യുന്നത് കരാറുകാരുടെ ഉദ്യോഗസ്ഥരാണ്. വൈദ്യുതി ലൈൻ ഓഫ് ചെയ്തു കൊടുക്കുകയും സൂപ്രവൈസ് ചെയ്യുകയും മാത്രമാണ് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ കർത്തവ്യം. നിലവിലുള്ള വൈദ്യുതി ലൈൻ നീക്കം ചെയ്യുമ്പോൾ വൈദ്യുതി തടസം ഒഴിവാക്കാൻ ആദ്യം തന്നെ പുതിയ സർവീസ് ലൈൻ വലിക്കും. ഈ ലൈൻ ചാർജ്ജ് ചെയ്തതിന് ശേഷം മാത്രമേ നിലവിലുള്ള ലൈനുകൾ നീക്കം ചെയ്യുകയുള്ളു. പുതിയ ലൈനിന്റെ പണി ആരംഭിക്കുമ്പോൾ കടകൾക്കും വീടുകൾക്കും കറണ്ട് കണക്ഷൻ പൂർണമായും ലഭ്യമാക്കും. നിലവിൽ 35 മീറ്റർ അകലത്തിലാണ് വൈദ്യുതി പോസ്റ്റുകൾ വൈദ്യുതി വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്.