prathy

ഓയൂർ: പൂയപ്പള്ളി മരുതമൺപള്ളിയിൽ അയൽവാസിയും ബന്ധുവുമായ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മരുതമൺപള്ളി പൊയ്ക വിള വീട്ടിൽ സേതുരാജാണ് (57) അറസ്റ്റിലായത്. ഇയാളുടെ ബന്ധുവായ മരുതമൺപള്ളി അമ്പാടിയിൽ അമ്പാടി എന്ന് വിളിക്കുന്ന തിലജനാണ് (44) കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി 9 ഓടെ മരുതമൺപള്ളി ജംഗ്ഷനിലായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട പ്രതി ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ വീട്ടിലെത്തിച്ച് വെട്ടാൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. ഇന്നലെ രാവിലെ ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.