കൊല്ലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന 'തണലേകിയവർക്ക് തണലേകാം' തുടർ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ കൊല്ലം ഇഞ്ചവിള ഗവ. ഓൾഡേജ് ഹോമിലെ അന്തേവാസികളായ അമ്മമാർക്ക് അഞ്ച് കട്ടിലുകൾ കൈമാറി ഡോ. വി. സുജിത്ത് വിജയൻപിള്ള നിർവഹിച്ചു. പാസ്റ്റ് ലയനസ് ബോർഡ് പ്രസിഡന്റ് ലയൺ പുഷ്പ തമ്പി അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ ഒഫ് ലയൺ ലേഡീസ് പ്രസിഡന്റ് ലയൺ രാധാമണി ഗുരുദാസ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അനിൽകുമാർ, ബ്ലോക്ക് മെമ്പർ ഷഹീന എന്നിവർ സംസാരിച്ചു. ഓൾഡേജ് ഹോം സൂപ്രണ്ട് എൽ.കെ. ഷൈനി നന്ദി പറഞ്ഞു.
ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ യുടെ വനിതാവിഭാഗം 2017ൽ അന്നത്തെ പ്രസിഡന്റ് ലയൺ പുഷ്പ തമ്പി യുടെ നേതൃത്വത്തിൽ നടപ്പാക്കിയ തുടർ പദ്ധതിയാണിത്. മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട് വിവിധ വൃദ്ധസദനങ്ങളിൽ കഴിയുന്ന അമ്മമാരെ സന്ദർശിച്ച് അവർക്കു സഹായമെത്തിക്കുന്നതായിരുന്നു പദ്ധതി. ഇളം തലമുറിയിലെ അച്ഛനമ്മമാരെയും കുട്ടികളെയും ഈ വിഷത്തെപ്പറ്റി ബോധവത്കരിക്കുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു.
വനിതാ അംഗങ്ങൾ സമാഹരിച്ച 2.50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള വാർഷിക ആദായമാണ് സഹായ സമാഹരണത്തിന് വിനിയോഗിക്കുന്നത്.