കൊല്ലം: നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സംസ്ഥാന പാതകൾ ഉൾപ്പെടെയുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധം കനക്കുന്നു.
കൊല്ലം റെയിൽവേ സ്റ്റേഷൻ മുതൽ അയത്തിൽ വരെയുള്ള സംസ്ഥാനപാത താറുമാറായിട്ട് ഏഴു മാസം പിന്നിടുന്നു. കാൽനടയാത്ര പോലും അസാദ്ധ്യമായ അവസ്ഥയാണ്. അയത്തിൽ മുതൽ പുന്തലത്താഴം വരെയും പുന്തലത്താഴം മുതൽ കുറ്റിച്ചിറ വരെയും ഭാഗികമായി മാത്രമേ ഗതാഗതം സാദ്ധ്യമാകുന്നുള്ളൂ. കളക്ടറേറ്റ് - താമരക്കുളം, പള്ളിത്തോട്ടം, ബീച്ച് റോഡ് തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം ഗതാഗതം സാദ്ധ്യമല്ലാത്ത തരത്തിൽ തകർന്നിരിക്കുകയാണ്. റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചെയ്യാൻ അത്യാധുനിക സാങ്കേതിക വിദ്യ ലഭ്യമായിരുന്നിട്ടും പ്രയോജനപ്പെടുത്തുന്നില്ല. പ്രാകൃതമായ രീതിയിൽ തന്നെ ഇപ്പോഴും നിർമ്മാണ പ്രവർത്തനം നടത്തുന്നതാണ് കാലതാമസത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഞാങ്കടവ് പദ്ധതിയുടെ പൈപ്പിടൽ പൂർത്തിയാക്കിയ മേഖലകളിൽ പോലും റോഡ് പുനരുദ്ധാരണം വൈകുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടേണ്ട കോർപ്പറേഷനും അനങ്ങാപ്പാറ നിലപാടിലായതാണ് പ്രതിഷേധം കനക്കാനുള്ള കാരണം.
വെറും കുഴിയല്ല, ഗർത്തങ്ങൾ!
കുറ്റിച്ചിറ പുന്തലത്താഴം പ്രദേശങ്ങളിൽ അഗാധമായ ഗർത്തങ്ങളാണ് റോഡിൽ രൂപപ്പെട്ടിട്ടുള്ളത്. അപടകമുണ്ടാകാതിരിക്കാൻ യാതൊരു സുരക്ഷാസംവിധാനങ്ങളും ക്രമീകരിച്ചിട്ടില്ല. അതിനാൽ അപകടങ്ങളും നിത്യസംഭവമായി. മഴ ശക്തമായതോടെ റോഡിൽ വെള്ളം കെട്ടി കുഴികൾ തിരിച്ചറിയാൻ പോലും കഴിയാത്ത സാഹചര്യമാണ്.
...............................
കരാറുകാരും സർക്കാരും കോർപ്പറേഷനും തമ്മിലുള്ള ഒത്തുകളിയാണ് റോഡുകളുടെ പുനരുദ്ധാരണം അവതാളത്തിലാകാൻ കാരണം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും റോഡുകൾ പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കാനും സത്വര നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ കാലതാമസം വരുത്തിയാൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകും
എൻ.കെ. പ്രേമചന്ദ്രൻ എം.പി