photo
പുത്തൂർ പഴയചിറ

കൊട്ടാരക്കര: പുത്തൂർ പഴയചിറ വീണ്ടും നാശത്തിലേക്ക്. പായൽ പടർന്ന് ചിറയിലെ വെള്ളം പുറത്തുകാണില്ല. ലക്ഷങ്ങൾ മുടക്കി നവീകരിച്ചിട്ടും ചിറ ഉപയോഗിക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് നാട്ടുകാർ. പതിറ്റാണ്ടുകളായി പായലും ചെളിയും മൂടി വിസ്മൃതിയിലേക്ക് ആണ്ടുകൊണ്ടിരുന്ന ചിറ മൂന്ന് വർഷം മുൻപാണ് വൃത്തിയാക്കിയത്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് സംരക്ഷണ ഭിത്തികളൊരുക്കിയും വെള്ളം വറ്റിച്ച് ചെളികോരി വൃത്തിയാക്കുകയും ചെയ്തിരുന്നു. നശിച്ചുകിടന്ന ചിറ നാടിന്റെ ജലനിധിയായി മാറിയതിന്റെ സന്തോഷത്തിലായിരുന്നു ഗ്രാമവാസികൾ. എന്നാൽ വീണ്ടും പായൽ നിറഞ്ഞു. ചിറ മലിനമായി. ജില്ലാ പഞ്ചായത്ത് പുത്തൂർ സായന്തനവുമായി ചേർന്ന് മത്സ്യ കൃഷി നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ചിറ വൃത്തിയാക്കാഞ്ഞതിനാൽ പദ്ധതി വേണ്ടുംവിധത്തിൽ പ്രയോജനപ്പെടുത്താനായില്ല. കുറച്ച് മത്സ്യ വിത്തുകൾ ചിറയിൽ നിക്ഷേപിച്ചെങ്കിലും ഗുണകരമായില്ല.

നാടിന്റെ ഐശ്വര്യമായ ചിറ

പവിത്രേശ്വരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചിറ കാലങ്ങൾക്ക് മുൻപേയുള്ളതാണ്. പഴയ ചിറയെന്ന പേരിൽ നിന്നാണ് നാടിനും പേര് ലഭിച്ചത്. സംരക്ഷണമില്ലാതെ തീർത്തും നശിച്ചുകിടന്നപ്പോൾ ചിറ നികത്തണമെന്നുപോലും അഭിപ്രായം ഉണ്ടായി. എന്നാൽ പഞ്ചായത്ത് ചിറയുടെ സംരക്ഷണം ഏറ്റെടുത്തു. മൂന്നേകാൽ ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതി വഴി ചെലവഴിച്ചാണ് ആദ്യം വൃത്തിയാക്കിയത്. പിന്നീട് ഗ്രാമപഞ്ചായത്ത് ചിറ നവീകരണത്തിനായി 5 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി. സംരക്ഷണ ഭിത്തികളെല്ലാം പുനർ നിർമ്മിക്കുകയും കരവെള്ളം ഇറങ്ങാത്തവിധം തോട് തെളിച്ച് വൃത്തിയാക്കിയതോടെ ചിറയുടെ സംരക്ഷണം സാദ്ധ്യമായെന്ന് പ്രതീക്ഷിച്ചതാണ്. നീന്തൽ കുളമായി ഉപയോഗിക്കാവുന്ന ചിറ സമീപത്തെ പ്രീ മെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്കടക്കം നീന്തൽ പരിശീലനം നടത്താനും പദ്ധതിയുണ്ടായിരുന്നു. പക്ഷെ, ചിറ മലിനമാകാൻ തുടങ്ങി. ഇപ്പോൾ പൂർണമായും പായൽ മൂടി. ചിറ വീണ്ടും നാശത്തിലായാൽ ഇതോട് ചേർന്ന് പ്രവർത്തിക്കുന്ന അനാഥാലയത്തിനും ദോഷമാകും.