പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കൂറ്റൻ കാട് വളർന്ന് വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും ഭീഷണിയാകുന്നു. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ഭാഗങ്ങളിലെ പാതയോരത്താണ് കൂറ്റൻ കാട് വളർന്നിരിക്കുന്നത്. 100 അടിയോളം താഴ്ചയിൽ കൊക്കയുള്ള ഭാഗങ്ങളിൽ കാട് വളർന്ന് റോഡിലേക്ക് ഇറങ്ങിയത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽ നടയാത്രക്കാർ കാട്ടിൽ ഒഴിഞ്ഞു നിൽക്കണ്ട അവസ്ഥയാണ്. കാടുവളർന്നതോടെ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചു. രാത്രിയിൽ ഭീതിയോടെയാണ് ഇത് വഴി കാൽ നടയാത്രക്കാർ നടന്ന് പോകുന്നത്. പാതയോരത്തെ തെരുവ് വിളക്കുകളിൽ മിക്കതും കത്തുന്നില്ലെന്ന പരാതിയുമുണ്ട്.
പതിവായി അപകടങ്ങൾ
വാഹനങ്ങൾക്ക് സൈഡ് കൊടുക്കണമെങ്കിൽ കാട്ടിലേക്ക് കയറണം. പാതയോരത്തെ കോൺക്രീറ്റ് ഓട പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. കൊടും വളവ് തിരിയുന്ന ചരക്ക് ലോറിയടക്കമുള്ള വാഹനങ്ങൾ ഓടയിൽ മറിയുന്നതും പതിവാണ്. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കേരളത്തിലേക്കും മറ്ര് സംസ്ഥാനങ്ങളിലേക്കും കടന്ന് പോകുന്ന പാതയോരത്താണ് ഈ അപകട ഭീഷണി .
34 കോടിയുടെ നവീകരണം
പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ഭാഗങ്ങളിൽ മൂന്ന് വർഷം മുമ്പ് 34 കോടി രൂപ ചെലവഴിച്ച് നവീകരിച്ച് മോടി പിടിപ്പിച്ചിരുന്നു. മുൻ വർഷങ്ങളിൽ അധികൃതർ പാതയോരത്തെ കാടുകൾ നീക്കം ചെയ്തു. എന്നാൽ കാലവർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോഴും പാതയോരത്തെ കാട് നീക്കം ചെയ്യാൻ ഇപ്പോൾ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.