photo
വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിലെ പലചരക്ക് മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന

കൊട്ടാരക്കര: പൊതുവിപണിയിൽ അരിവില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, മറിച്ചുവില്പന എന്നിവ തടയുക ലക്ഷ്യമിട്ട് കൊട്ടാരക്കരയിൽ പലചരക്ക് മൊത്തവിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. താലൂക്ക് സപ്ളൈ ഓഫീസർ ജോൺ തോമസിന്റെ നേതൃത്വത്തിൽ പൊതുവിതരണം, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പുകൾ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഒരു മൊത്തവ്യാപാര സ്ഥാപനത്തിന് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം. ആന്ധ്രയിൽ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമെന്നാണ് വ്യാപാരികളുടെ പക്ഷം. നേരത്തെ സ്റ്റോക്കുള്ള അരി കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകുമെന്ന് വ്യാപാരികൾ ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകി. ഫുഡ് സേഫ്ടി ഓഫീസർ ഡോ.ലക്ഷ്മി.വി.നായർ, റേഷനിംഗ് ഇൻസ്പക്ടർമാരായ എച്ച്.ഷമീം, എൽ.രശ്മി, എസ്.ദിവ്യ, ലീഗൽ മെട്രോളജി അസി.ഇൻസ്പക്ടർ ആർ.രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.