58 ലക്ഷം രൂപയുടെ പദ്ധതി.

കൊല്ലം: കൊട്ടാരക്കര ഉഗ്രൻകുന്നിൽ പൊതു ശ്മശാനം നിർമ്മിക്കാൻ പദ്ധതി. ജൂൺ 4ന് നിർമ്മാണം തുടങ്ങും. പൊതുശ്മശാനത്തിന്റെ അഭാവത്താൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളേറെയുണ്ട് നഗരസഭയിൽ. മാസങ്ങൾക്ക് മുൻപ് നെല്ലിക്കുന്നത്തിനടുത്ത് തോട്ടിൽ വീണ് നാടോടി ബാലൻ മരണപ്പെട്ടപ്പോഴും മൃതദേഹം അടക്കം ചെയ്യാൻ ബുദ്ധിമുട്ടിയിരുന്നു. കോളനിവാസികൾ അടുക്കള പൊളിച്ച് മൃതദേഹം സംസ്കരിച്ച സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. അനാഥാലയങ്ങളിലെ അന്തേവാസികൾ മരിക്കുമ്പോൾ കിലോമീറ്ററുകൾ താണ്ടി കൊല്ലത്തെ പൊതുശ്മശാനത്തിൽ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. ഇത്തരം പ്രതിസന്ധികളെ തുടർന്നാണ് പൊതു ശ്മശാനം വേണമെന്ന ആശയം ഉദിച്ചത്.

അത്യാധുനിക നിലവാരം

ആധുനിക സംവിധാനങ്ങളോടെ എൽ.പി.ജി ശ്മശാനമാണ് നിർമ്മിക്കുക. 58 ലക്ഷം രൂപയാണ് ചെലവ്. പൊതുശ്മശാനം സ്ഥാപിക്കുന്നതിന് പലയിടത്തും പ്രാദേശിക എതിർപ്പുകളുണ്ടാകാറുണ്ട്. എന്നാൽ നഗരസഭയുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ റെയിൽവേ സ്റ്റേഷന് സമീപത്തെ ഉഗ്രൻകുന്ന് പ്രദേശത്താണ്. ഇതിന് സമീപത്തായാണ് അത്യാധുനിക നിലവാരമുള്ള ശ്മശാനം നിർമ്മിക്കുന്നത്. പ്രദേശവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാകും പ്രവർത്തനം. സ്ഥലം നേരത്തെ ഏറ്റെടുത്തിരുന്നു.

നിർമ്മാണോദ്ഘാടനം

ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം ജൂൺ 4ന് രാവിലെ 11ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനാകും.

പ്രദേശവാസികൾക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. പൂന്തോട്ടം അടക്കമൊരുക്കി ശ്മശാനമാണെന്ന് തോന്നാത്ത വിധത്തിലാണ് നിർമ്മിക്കുക. എൽ.പി.ജി ആയതിനാൽ മറ്റ് പ്രശ്നങ്ങളുമില്ല. മൃതദേഹം അടക്കം ചെയ്യാൻ ഭൂമിയില്ലാത്തവർക്ക് വലിയ അനുഗ്രഹമാകും.

എ.ഷാജു, ചെയർമാൻ, നഗരസഭ