photo
കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ പ്രവേശനോത്സവും സംഘടിപ്പിക്കുന്ന കോഴിക്കോട് ഗവ: എസ്.കെ.വി യു.പി സ്കൂൾ

കരുനാഗപ്പള്ളി: നവാഗതരെ വരവേൽക്കാൻ തയ്യാറായിരിക്കുകയാണ് കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകൾ. സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സ്കൂൾ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചത്. ഇക്കുറി സർക്കാർ സ്കൂളുകളിൽ അഡ്മിഷനുകൾ എതാണ്ട് പൂർത്തിയായി. സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ രക്ഷിതാക്കൾ കുഞ്ഞുങ്ങളെ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്. കൊവിഡിന് ശേഷം ആദ്യമായാണ് സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തുന്നതിന് തയ്യാറെടുപ്പ് നടത്തുന്നത്.

ആഘോഷങ്ങളോടെ

എല്ലാ സ്കൂളുകളിലും വിപുലമായ ആഘോഷ പരിപാടികളാണ് പി.ടി.എ കമ്മിറ്റിയും നാട്ടുകാരും ചേർന്ന് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥി സംഘടനകളും സജീവമായി തന്നെ രംഗത്തുണ്ട്. സ്കൂളും പരിസരവും കുരുത്തോലകൾ കൊണ്ട് അലങ്കരിച്ചും ബലൂണുകൾ പറത്തിയും മധുരം നൽകിയുമാണ് നവാഗതരെ സ്കൂളിലേക്ക് ആനയിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി . കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നഗരസഭയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് കൈമാറി തുടങ്ങി.

നവീകരണത്തിനായി 32 ലക്ഷം രൂപ

കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ 16 ഹയർ സെക്കൻഡറി സ്കൂളുകളും 30 ഗവ. സ്കൂളുകളും 25 എയിഡഡ് സ്കൂളുകളുമാണ് ഉള്ളത്. ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം, തൊടിയൂർ, ആലപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളും കരുനാഗപ്പള്ളി നഗരസഭയുമാണ് കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ വരുന്നത്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ 17 സ്കൂളുകളാണ് ഉള്ളത്. സ്കൂളുകളുടെ നവീകരണത്തിനായി നഗരസഭ 32 ലക്ഷം രൂപയാണ് ചെലവഴിച്ചത്.കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ പ്രവേശനോത്സവം കോഴിക്കോട് എസ്.കെ.വി യു.പി സ്കൂളിലാണ് നടക്കുക. പ്രവേശനോത്സവം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു കുട്ടികൾക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്യും.