piravanthoor
കമുകുംചേരി - പിറവന്തൂർ പ്രധാന റോഡ് വശത്തെ അപകടകരമായ കുഴി

പത്തനാപുരം : ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിനായി കുഴിയെടുത്തത് നാട്ടുകാർക്ക് വിനായായിരിക്കുകയാണ്. പൈപ്പിട്ടശേഷം കുഴി ശരിയായ രീതിയിൽ മൂടാത്തതിനാൽ മഴ വെള്ളമൊഴുകി മണ്ണ് ഒലിച്ച് പോയി റോഡ് വശത്ത് വലിയ കുഴികൾ രൂപാന്തരപെട്ടിരിക്കുകയാണ്. പിറവന്തൂർ - കമുകും ചേരി റോഡിൽ റൈസ് മിൽ ജംഗ്ഷൻ മുതൽ കുന്നുംപുറത്ത് പടി ഭാഗത്ത് വരെയുള്ള റോഡിനാണ് ഈ ദുരവസ്ഥ. നാല് കിലോമീറ്റർ ദൂരം വരുന്ന റോഡിന് മിക്ക ഭാഗത്തും വീതി കുറവാണ്. കെ.എസ്.ആർ.ടി. സിയടക്കം ബസുകൾ സർവീസ് നടത്തുന്ന റോഡിൽ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോകാൻ പറ്റുന്ന വീതിയെ ഉള്ളൂ. കണ്ണംകര പടി, കളുത്തുപാറ പടി, തണ്ണി പാറപടി തുടങ്ങിയയിടങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാത്ത സ്ഥിതിയിലാണ് . അങ്ങനെയുള്ള റോഡ് വശത്താണ് അപകടക്കുഴികളുമുള്ളത്.

അധികൃതർ ഇടപെടണം

ഈ റോഡിൽ മിക്കയിടത്തും തെരുവ് വിളക്കുകൾ കത്താറില്ല. രാത്രിയിൽ വെളിച്ചമില്ലാതെ ഇരു ചക്ര വാഹന യാത്രക്കാരടക്കം കുഴിയിൽ വീണ് അപകടം സംഭവിക്കാനും സാദ്ധ്യതയേറെയാണ്. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേർ ഇതുവഴി നടന്നുപോകുന്നുണ്ട്. കുട്ടികൾ കുഴിയിൽ വീഴുമോ എന്ന ഭീതിയും രക്ഷിതാക്കൾക്കുണ്ട്. റോഡിന് വീതി കൂട്ടി , ഓട നിർമ്മിച്ച് വശങ്ങളിൽ കരിങ്കൽ കൊണ്ട് മതിൽ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം . പൊതു മരാമത്ത് വകുപ്പ് ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിന് വീതി കൂട്ടി ഓടകൾ നിർമ്മിക്കണം, സംരക്ഷണ ഭിത്തിയും വേണം. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണം

(ജി. സുരേഷ് ബാബു, പ്രതികരണവേദി പ്രസിഡന്റ് , കേരള കൗമുദി ഏജന്റ് കമുകുംചേരി )

സ്കൂൾ വിദ്യാർത്ഥികളടക്കം യാത്ര ചെയ്യുന്ന റോഡിലെ അപകട ഭീഷണിയായ കുഴികൾ ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം.

(ഉല്ലാസ് കുമാർ പ്രധമാദ്ധ്യാപകൻ, യു.പി .എസ്, കമുകുംചേരി )