കൊല്ലം: പള്ളിത്തോട്ടം തോപ്പുപള്ളിക്കു സമീപം പൂർത്തിയായ ഓട നിർമ്മാണത്തിലെ അശാസ്ത്രീയത, ഏറെ തിരക്കുള്ള പള്ളിത്തോട്ടം റോഡിന്റെ നാശത്തിന് വഴിതെളിക്കുന്നു. ഓട കവിഞ്ഞെത്തുന്ന വെള്ളം കെട്ടിനിന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെടുന്നത് യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇരുചക്ര വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭയുടെ നേതൃത്വത്തിൽ ഓട നിർമ്മാണം പൂർത്തിയാക്കിയത്.
ഇൻഫന്റ് ജീസസ് സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച് കൊല്ലം തോട്ടിൽ അവസാനിക്കുന്ന നിലവിലെ ഓട ആഴവും നീളവും കൂട്ടി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതായിരുന്നു പദ്ധതി. പക്ഷേ, നിർമ്മാണത്തിലുണ്ടായ പിഴവ് കാരണം
വെള്ളമൊഴുക്ക് തടസപ്പെട്ടു. കൊല്ലം തോട്ടിലേക്ക് ഒഴുകേണ്ട മലിനജലം എതിർ ദിശയിലേക്ക് ഒഴുകി ഓട കവിഞ്ഞ് റോഡിൽ കെട്ടിനിൽക്കുന്ന അവസ്ഥയായി. സമീപവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വെള്ളക്കെട്ടുളള ഭാഗത്ത് കിണർ നിർമ്മിച്ച് അതിലേക്ക് വെള്ളമൊഴുക്കി താത്കാലിക പരിഹാരം കണ്ടു. എന്നാൽ മഴ ശക്തമായതോടെ ഓടയിലെ വെളളം വീണ്ടും കവിഞ്ഞൊഴുകി റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.
# പള്ളിത്തോട്ടം റോഡ്
കൊച്ചുപിലാംമൂട്ടിൽ നിന്നാരംഭിക്കുന്നു
ബീച്ച്, കളക്ടറേറ്റ്, പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്നു.
പള്ളിത്തോട്ടം നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രം.
നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ്
അശാസ്ത്രീയമായ ഓട നിർമ്മാണമാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാക്കിയത്. റോഡ് തകർന്ന് യാത്ര ദുരിതപൂർണമായി. ഓടയുടെ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ലെവൽ വ്യത്യാസം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പക്ഷേ ആരും ഗൗനിച്ചില്ല.
ഫറൂഖ്, വ്യാപാരി